ന്യൂനമര്‍ദം: ഇന്തോനേഷ്യയില്‍ ഉരുള്‍പൊട്ടല്‍; 16 മരണം
ഇന്തോനേഷ്യക്ക് സമീപം കഴിഞ്ഞ ദിവസം രൂപപ്പെട്ട് ഇപ്പോള്‍ ശ്രീലങ്കക്ക് സമീപമെത്തിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 16 മരണം. സുമാത്രക്ക് സമീപമാണ് മിന്നല്‍ പ്രളയമുണ്ടായത്. നാലു പ്രദേശങ്ങളെ കനത്ത മഴ ബാധിച്ചു. ആറു പേരെ കാണാതായെന്ന് ഇന്തോനേഷ്യന്‍ സൈന്യം അറിയിച്ചു.
കുന്നിന്‍ മുകളില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും കാരണമായത്. പാറയും ചെളിയും മരങ്ങളും ഒലിച്ചെത്തി താഴ് വാരത്തെ ഗ്രാമത്തിലെ വീടുകള്‍ തകര്‍ത്തു. പുഴ കരകവിഞ്ഞ് ഒഴുകുകയും ചെയ്തു. നാലു പര്‍വത ജില്ലകളിലാണ് തീവ്രമഴ പെയ്തത്. വടക്കന്‍ സുമാത്ര പ്രവിശ്യയിലാണ് ഈ നാലു ജില്ലകളും. കൃഷിയിടങ്ങളും വീടുകളും ഇവിടെ ഒഴുകിപ്പോയി.
പൊലിസും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. മണ്ണുമാന്തികളും മറ്റും ഉപയോഗിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. സെമന്‍ഗത് ഗുനുങിലാണ് മരിച്ചവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി തെരച്ചില്‍ പുരോഗമിക്കുന്നത്. കാരോ ജില്ലയിലെ റിസോര്‍ട്ട് മേഖലയാണിതെന്ന് പ്രാദേശിക ഭരണകൂടം മേധാവി ജുസ്പ്രി എം നദയേക് അറിയിച്ചു.
രണ്ടു വീടുകള്‍ നിശ്ശേഷം തകര്‍ന്നു. ഇവിടെ നിന്നാണ് 6 മൃതദേഹങ്ങള്‍ ലഭിച്ചത്. ഞായറാഴ്ചയാണ് ഇവിടെ ദുരന്തമുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 9 പേര്‍ക്ക് പരുക്കേറ്റു. ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെയാണ് കാണാതായത്.
രണ്ടു മൃതദേഹങ്ങള്‍ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. 10 വീടുകള്‍ ഒഴുകിപ്പോയെന്നാണ് കണക്ക്. 150 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സൗത്ത് തപാനൂലി ജില്ലയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.