kerala weather (06/09/24) : കേരളത്തിലെ മഴ സാധ്യത അറിയാം
ബംഗാൾ ഉൾകടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദം കേരളത്തെ ആദ്യ രണ്ടുദിവസം ബാധിക്കില്ല. വടക്കൻ കേരളത്തിലെയും മധ്യ ജില്ലകളിലും ഒന്നോ രണ്ടോ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ഇന്നും നാളെയും ലഭിക്കും. ഞായറാഴ്ച മുതൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് നേരിയ മഴ സാധ്യത കാണുന്നത്. ഇടുക്കി ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇന്ന് ചാറ്റൽ മഴ ലഭിക്കും. എറണാകുളം ജില്ലയിലും കാസർകോട്ടും ഇന്ന് രാവിലെ മഴ റിപ്പോർട്ട് ചെയ്തു. ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഖലയിലാണ് നിലവിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്.
വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും ഇടയിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഈ ന്യൂനമർദ്ദം നിലവിൽ കേരളത്തെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ പ്രവചന റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ ന്യൂനമർദ്ദം രണ്ടുദിവസം കൊണ്ട് തീവ്ര ന്യൂനമർദ്ദം ( Depression) ആകും.
ഇതോടെ പടിഞ്ഞാറ് തീർത്തടക്കം കാറ്റിന് ശക്തി കൂടും. ഇതിൻറെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. നിലവിൽ പടിഞ്ഞാറൻ തീരത്ത് അനുകൂല അന്തരീക്ഷ സ്ഥിതി ഇല്ലാത്തത് കാരണം കേരളം, കർണാടക, കൊങ്കൺ മേഖലകളിൽ മഴ കുറവായിരിക്കും. തമിഴ്നാട്ടിൽ കാറ്റിൻ്റെ കൂടിച്ചേരലുകൾ കാരണം ഇടിയോടുകൂടി മഴക്ക് സാധ്യതയുണ്ട്.
തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ മേഖലകൾ പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ മഴ ലഭിക്കും.തമിഴ്നാട്ടിൽ കിഴക്കൻ തീരദേശ മേഖലകളിൽ ഇന്ന് മഴ സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് ധാരാളം കരകയറുന്നതായി രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ദൃശ്യമാണ്. ഈർപ്പമുള്ള മേഘങ്ങൾ കേരളത്തിലേക്കും എത്തും. ദുർബലമായ കാലവർഷ കാറ്റും ഇവയും സംഗമിച്ച് പലയിടത്തും മഴ നൽകും.
കേരളത്തിൻ്റെ കിഴക്കൻ വനമേഖലകളിലാണ് മഴ സാധ്യത. ഞായറാഴ്ച വൈകിട്ട് മുതൽ കേരളത്തിൽ നേടിയതോതിൽ മഴ ലഭിച്ചു തുടങ്ങും. കാസർകോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത. കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കണം.
തിങ്കളാഴ്ച കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തിങ്കളാഴ്ച പ്രതീക്ഷിക്കാം. കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ചൊവ്വാഴ്ച മുതൽ വീണ്ടും മഴ കുറഞ്ഞു തുടങ്ങും വടക്കൻ കേരളത്തിൽ സാധാരണ തോതിലുള്ള നേരിയ മഴ ലഭിക്കും.