കൊല്ലത്ത് മിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു
കൊല്ലം ജില്ലയിലെ പുനലൂരില്‍ മിന്നലേറ്റ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. കണ്ണൂരില്‍ വീടിനു മിന്നലില്‍ നാശനഷ്ടമുണ്ടായി. എറണാകുളത്ത് മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു. വിവിധ ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
കൊല്ലം പുനലൂര്‍ ഇടക്കുന്നം ഗോകുലത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനില്‍ പരേതനായ മോഹനന്‍ പിള്ളയുടെ ഭാര്യ രജനി (45) എന്നിവരാണ് മരിച്ചത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കേയാണ് മിന്നലേറ്റത്.
പുനലൂര്‍ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീ തൊഴിലാളികളെ പരുക്കോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ആറംഗ സംഘം ജോലി ചെയ്യുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. പുരയിടത്തില്‍ രണ്ടു ഭാഗത്തായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
ഇതില്‍ സരോജവും രജനിയും ജോലി ചെയ്തിരുന്ന ഭാഗത്താണ് മിന്നല്‍ വീണത്. ബോധം കെട്ട് വീണ ഇവരെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ, കണ്ണൂരിലും മിന്നലേറ്റ് വീടിന് കേടുപാടു സംഭവിച്ചു. കണ്ണൂര്‍ തോട്ടടയിലാണ് അപകടം. തോട്ടടി സ്വദേശി ഗംഗാധരന്റെ വീടിന്റെ ജനലിനും ഭിത്തിക്കുമാണ് നാശനഷ്ടമുണ്ടായത്. എറണാകുളത്ത് മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്കും പരുക്കേറ്റിരുന്നു. തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലില്‍ വള്ളത്തിന് കേടുപാടു സംഭവിച്ചു.
മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണണം. സംസ്ഥാനത്ത് വ്യാഴം വരെ ഇടിയോടെ മഴ തുടരുമെന്നാണ് സ്വാകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നത്. വെള്ളി മുതല്‍ പരക്കെ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങും. അതുവരെ ഇടിമിന്നല്‍ കരുതണമെന്നും മെറ്റ്ബീറ്റ് അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.