ഭാവി തലമുറയ്ക്കായി ഭൂമിയെ നമുക്ക് സംരക്ഷിക്കാം: സുല്‍ത്താന്‍ അല്‍ നയാദി
അഷറഫ് ചേരാപുരം
ദുബൈ: ബദല്‍ വിഭവങ്ങള്‍ തേടുന്നതിനുപകരം ഭാവി തലമുറകള്‍ക്കായി നിലവില്‍ ഭൂമിയില്‍ ലഭ്യമായ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മികച്ച അവസരമാണ് കോപ് 28 നല്‍കുന്നതെന്ന് യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നയാദി. ദുബൈ ഫ്യൂച്ചര്‍ ഫോറത്തില്‍ ‘ഭാവി തലമുറകള്‍ക്കുള്ള ബഹിരാകാശത്തില്‍ നിന്നുള്ള പാഠങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാന ഭീഷണി നേരിടുന്ന ഭൂമിയുടെ നിരീക്ഷണ കേന്ദ്രമായി ബഹിരാകാശം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ ബഹിരാകാശ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഗ്രഹത്തില്‍ ജീവിക്കാനുള്ള അവശ്യ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ ഗവേഷണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ ദൗത്യങ്ങളുടെ പ്രാധാന്യം, എയ്റോസ്പേസ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന നൂതന ഗവേഷണങ്ങള്‍, മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന വ്യോമയാനം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനാണ് ഇത്തരം ദൗത്യങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 186 ദിവസത്തെ ദൗത്യത്തില്‍ താന്‍ നേടിയ അറിവുകളും അല്‍ നയാദി പ്രേക്ഷകരുമായി പങ്കുവച്ചു.