മണ്ണിടിച്ചിൽ; നെല്ലിയാമ്പതിയിൽ ഗതാഗത നിയന്ത്രണം തുടരും
ചുരം പാതയിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. പോത്തുണ്ടി കൈകാട്ടി പാതയിൽ ചെറുനെല്ലി ഇരുമ്പുപാലത്തിന് സമീപത്തായാണ് നിർമാണത്തിനിടെ ബുധനാഴ്ച പാതയുടെ അടിവശം ഇടിഞ്ഞ് തകർന്നത്.
നെല്ലിയാമ്പതി മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ പാതയിലൂടെ വെള്ളം കുത്തിയൊലിച്ച് ഇറങ്ങുന്നതും മണ്ണിലെ ഈർപ്പവുമാണ് ഭീഷണിയാകുന്നത്. ഇടിഞ്ഞ ഭാഗത്തേക്ക് വെള്ളം ഒഴുകാതിരിക്കുന്നതിനായി മണ്ണിട്ട് വഴി തിരിച്ചുവിട്ടിട്ടുണ്ട്.
മണ്ണിടിച്ചിൽ ; വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി
ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും കെ.എസ്.ആർ.ടി.സി. ബസ് നെല്ലിയാമ്പതിയിലേക്ക് കാലത്ത് സർവീസ് നടത്തി. ഉച്ചയോടെ ശക്തമായ മഴ പെയ്തതിനാൽ സർവീസ് നിർത്തിവെച്ചു. 2018-ലെ പ്രളയത്തിൽ ഉരുൾപ്പൊട്ടിയാണ് ചുരം പാതയുടെവശം പൂർണമായും തകർന്നത്.
കഴിഞ്ഞദിവസങ്ങളിൽ ഈ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണഭിത്തിക്കായി കോൺക്രീറ്റ് ചെയ്യുന്നതിന് ചാലെടുത്തിരുന്നു. പാതയുടെ വശങ്ങളിലെ മണ്ണിടിച്ചതും ശക്തമായ മഴയിൽ ഈർപ്പവും കൂടിയതുമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കെ. ബാബു എം.എൽ.എ. സന്ദർശിച്ചു.