കര്‍ണാടകയിലെ മണ്ണിടിച്ചില്‍: ഏഴുപേരുടെ മൃതദേഹം കണ്ടെത്തി, കോഴിക്കോട് സ്വദേശിയുടെ ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് നേവി

കര്‍ണാടകയിലെ മണ്ണിടിച്ചില്‍: ഏഴുപേരുടെ മൃതദേഹം കണ്ടെത്തി, കോഴിക്കോട് സ്വദേശിയുടെ ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് നേവി

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേരുടെ മൃതദേഹം കണ്ടെത്തി. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളത് . ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ് .

മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അര്‍ജുനടക്കം 10 പേരാണെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ് ലക്ഷ്മിപ്രിയ പറഞ്ഞു. അര്‍ജ്ജുന്‍ ഉള്‍പെടെ ബാക്കിയുള്ള മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അവർ. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തെരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും പറഞ്ഞു.

മണ്ണിടിച്ചിലില്‍ മരിച്ച കുടുംബം സമീപത്ത് ചായക്കട നടത്തുന്നവരായിരുന്നു. കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത് . മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന ലഭിക്കുന്നത്. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ഗംഗാവേലി നദിക്ക് സമീപത്തുള്ള ‘ഉളവരെ’ എന്ന പ്രദേശത്താണ് മഴയും മണ്ണിടിച്ചിലും ഏറെ ദുരിതം വിതച്ചത് . ഇരുപതോളം വീടുകൾ ഇവിടെ മഴയില്‍ തകർന്നു പോയി.

കർണാടക തീരദേശ ജില്ലകളിൽ മണ്ണിടിച്ചിൽ ഉണ്ടായ (ankola) ജില്ലയിൽ ഉൾപ്പെടെ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു. ശക്തമായ മഴ പെയ്തതിനാൽ രാവിലെ രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നുണ്ട്. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തുമെന്നും കളക്ടര്‍ .  

മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും ആണ് കൊണ്ടുവരിക. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അര്‍ജുന്‍റെ കുടുംബം പ്രതീക്ഷിക്കുന്നത്. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിട്ടുള്ളത്. നേവി ഡൈവര്‍മാര്‍ക്ക് പുറമെ 100 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്ളത്.എഡിജിപി ആര്‍ സുരേന്ദ്രയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് . ജൂലൈ 16 ന് രാവിലെയാണ് കൂറ്റൻ മണ്ണിടിച്ചിലിൽ പ്രദേശമാകെ തകർന്നുപോയത്.

ജിപിഎസ് ലൊക്കേഷന്‍ വഴി പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാലു ദിവസമായി മണ്ണിനടിയിലാണ് മരം കയറ്റിവന്ന ലോറി ഉള്ളത്. എന്നാല്‍ ഓഫ് ആയിരുന്ന അര്‍ജുന്റെ ഫോണ്‍ ഇന്നലെയും ഇന്നും ബെല്ലടിച്ചതിൽ പ്രതീക്ഷയിലാണ് കുടുംബം മുഴുവൻ. അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ KA15A 7427 എന്ന മരം കയറ്റി വരികയായിരുന്ന ലോറിയും മണ്ണിനടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം കുടുംബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അങ്ങോട്ട് പോയി വാഹനത്തിന്‍റെ ലൊക്കേഷന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും ഒരു കാര്യമായ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല.

രണ്ടു ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്നലെ രാവിലെ ഭാര്യ കൃഷ്ണപ്രിയ വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിച്ചിരുന്നു. ഇതോടെ പ്രതീക്ഷകള്‍ മുളപൊട്ടുകയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫ് ആയെങ്കിലും അര്‍ജുന്‍ ഉറപ്പായും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കുടുംബത്തിന് ലഭിച്ച ഉറപ്പായിരുന്നു അത്. ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കിടിയിലും പ്രതീക്ഷ വീണ്ടും സജീവമാക്കി ഇന്ന് രാവിലെ മണ്ണിനടിയില്‍ക്കിടക്കുന്ന ലോറിയില്‍ നിന്നും വീണ്ടും അര്‍ജുന്റെ ഫോണ്‍ ബെല്ലടിച്ചിട്ടുണ്ട് .

ഈ മാസം എട്ടിനാണ് മരത്തിന്‍റെ ലോഡ് കൊണ്ടു വരാനായി അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയിട്ടുള്ളത് . കുടുംബത്തിന്‍റെ അത്താണിയായ അര്‍ജുന്  പന്‍വേല്‍ -കന്യാകുമാരി ദേശീയപാതസുപരിചിതമാണ്. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്തതരത്തില്‍ സുരക്ഷാസംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്. രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ തടസപ്പെട്ടെങ്കിലും പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ മനക്കരുത്തോടെ അര്‍ജുന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. ഷിരൂരിലെ ഫീൽഡ് ഓഫീസറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മണ്ണുമാറ്റിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അര്‍ജുന്‍റെ കുടുംബത്തെ കണ്ട് നിലവിലെ സാഹചര്യം അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാര്‍ അറിയിച്ചു. അര്‍ജുന്‍റെ വീട്ടിലെത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment