ഉരുൾപൊട്ടൽ: തിരുവണ്ണാമലയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
തമിഴ്നാട് തിരുവണ്ണാമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ. പാറയും മണ്ണും വീടുകളുടെ മുകളിലേക്ക് വീണതായാണ് റിപ്പോർട്ട്. വിഒസി നഗറിൽ നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
അപകടമുണ്ടായത് തിരുവണ്ണാമല ക്ഷേത്രത്തിന് പിന്നിലായുള്ള മലയിടിഞ്ഞുവീണാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു.
ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് തിരുവണ്ണാമലയിൽ ഇന്ന് ശക്തമായ മഴ പെയ്തിരുന്നു. പുതുച്ചേരിയിലും വില്ലുപുരത്തും കനത്ത മഴ തുടരുന്നുമുണ്ട്. തമിഴ്നാട്ടിലുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 50 സെ.മീ മഴ പെയ്തതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ചുഴലിക്കാറ്റിന്റെ ഭാഗമായി ലഭിച്ച കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ 13 മരണം ആയി.