കോഴിക്കോടും, വയനാടും നാശം വിതച്ച് മഴ ; കോഴിക്കോട് ലഭിച്ചത് 66 mm മഴ
ശക്തമായ മഴ വടക്കൻ കേരളത്തിൽ കനത്ത നാശം വിതച്ചു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നാദാപുരത്ത് ആളൊഴിഞ്ഞ കെട്ടിടം നിലംപൊത്തി. ഇന്ന് രാവിലെയാണ് സംഭവം. ആൾപ്പെരുമാറ്റം കുറഞ്ഞ നേരമായതിനാൽ സ്ഥലത്ത് മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല .
വടകര മീത്തലങ്ങാടിയിൽ കുന്നിടിഞ്ഞതോടെ സമീപത്തെ വീടുകൾക്ക് ഭീഷണി. മടപ്പള്ളി മാച്ചിനാരിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞു പോയി.സോയിൽ നെയിലിങ് നടത്തിയ ഭാഗമാണ് മഴയിൽ കുതിർന്ന് പോയത്. നിലവിൽ ദേശീയ പാതയ്ക്ക് ഭീഷണി ഇല്ല. 24 മണിക്കൂറിനിടെ 66 മി.മീറ്റർ ശരാശരി മഴയാണ് ജില്ലയിൽ ലഭിച്ചത്. ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞു.
കനത്ത മഴയിൽ വയനാട്ടിലും വലിയ നാശമാണ് ഉണ്ടായിട്ടുള്ളത് . ശക്തമായ മഴയില്‍ പിണങ്ങോട് റോഡ് തകർന്നിട്ടുണ്ട് . പുഴയ്ക്കലില്‍ എടത്തറക്കടവ് പുഴയോട് ചേർന്നുള്ള 25 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ സമീപത്തുള്ള ആറ് വീടുകള്‍ അപകട ഭീഷണിയിലാണ് . മഴയില്‍ വെണ്ണിയോട് രണ്ട് കിണറുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. നിലവിൽ കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ചൊവ്വാഴ്ച വരെ വയനാട്ടില്‍ യെല്ലോ അലർട്ട് മാത്രമാണ്.
രാവിലെ അഞ്ച് മണിയോടെയാണ് എടത്തറക്കടവ് പുഴയുടെ തീരവും റോഡും പുഴയിലേക്ക് ഇടിഞ്ഞത്. നാല് കൂറ്റൻ മരങ്ങളും ഒടിഞ്ഞ് പുഴയിലേക്ക് വീണിട്ടുണ്ട് . പതിമൂന്ന് വീടുകളിലേക്കുള്ള റോഡാണ് ഇതോടെ സഞ്ചരിക്കാനാകാത്ത വിധം തകർന്നുപോയത് . പുഴയുടെ തീരത്തുള്ള പല ഭാഗങ്ങളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടു.
അപകടാവസ്ഥയിലായ വീടുകളിലെ കുടുംബങ്ങളോട് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി. റവന്യു അധികൃതരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തീരം ഇടിഞ്ഞതോടെ പുഴയുടെ ഒഴുക്ക് മാറിയതിനാല്‍ കൂടുതല്‍ ഇടിയാനുള്ള സാധ്യതയും ഉണ്ട് . വയനാട് വെണ്ണിയോടും രണ്ട് കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. വലിയകുന്നില്‍ കൂട്ടിയാനിക്കല്‍ മേരിയുടെയും കരിഞ്ഞകുന്ന് കുന്നത്തുപീടികയില്‍ ജലീല്‍ ഫൈസി എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞ് താഴ്ന്നു പോയത് . മഴയെ തുടർന്ന് മൂപ്പൈനാട് താഴെ അരപ്പറ്റയില്‍ ഒരു വീടും തകർന്നുവീണു.
metbeat news
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.