kerala weather 19/04/24 : വേനല്‍ മഴയും ചൂടും തുടരും, കോട്ടയത്ത് ലഭിച്ചത് കനത്ത മഴ
കേരളത്തില്‍ വേനല്‍ മഴ വിവിധ ജില്ലകളില്‍ തുടരും. എന്നാല്‍ പകല്‍ താപനിലയും ഉയരും. മധ്യ മഹാരാഷ്ട്രയില്‍ നിന്ന് ശ്രീലങ്കക്ക് സമീപം മാന്നാര്‍ കടലിടുക്ക് വരെ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും മുകളിലൂടെ തുടരുന്ന ന്യൂനമര്‍ദ പാത്തി ഇന്നും ദൃശ്യമാണ്. ഇന്നലെ ഇത് ഉള്‍നാടന്‍ കര്‍ണാടക മുതല്‍ തമിഴ്‌നാടിനു മുകളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്.
കേരളത്തിന്റെ കിഴക്കന്‍ മലയോരത്ത് ഇന്ന് ഉച്ചയ്ക്കു ശേഷവും മഴ സാധ്യത. ഇന്നലെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമായിരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മഴ ലഭിച്ചു. കോട്ടയത്തെ കാളകെട്ടിയില്‍ ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 7.6 സെ.മി മഴ ലഭിച്ചതായി മീനച്ചില്‍ നദി സംരക്ഷണ സമിതിയുടെ മാപിനികളില്‍ രേഖപ്പെടുത്തി. കോട്ടയത്തെ വിവിധ ലൊക്കേഷനുകളില്‍ ഇന്നലെ പെയ്ത മഴയുടെ കണക്ക് താഴെ കൊടുക്കുന്നു.

കോട്ടയം എള്ളുംപുറത്ത് ഇന്നലെ മഴയില്‍ മണ്ണിടിച്ചിലുണ്ടായി വലിയ കല്ല് റോഡിലേക്ക് ഉരുണ്ടുവീണത് കാരണം ഗതാഗതം തടസ്സപ്പെട്ടു. രാത്രിയില്‍ ഈ മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു. അപകട സമയം റോഡില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

വടക്കന്‍ കേരളത്തിലും മധ്യ ജില്ലകളിലും ഏതാനും ദിവസങ്ങളായി മഴ വിട്ടു നില്‍ക്കുകയാണ്. ഇവിടെ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഹ്യൂമിഡിറ്റി കൂടുതലുള്ളതിനാല്‍ രാത്രിയും പകലും വടക്കന്‍ ജില്ലകളില്‍ പുഴുക്കം അനുഭവപ്പെടുന്നുണ്ട്.
Tag: latest weather updates for Kerala on April 19, 2024. Experience the heat and summer rains, with significant rainfall in Kottayam.