weather kerala 21/07/25 : ന്യൂനമർദത്തിന് ഒരുക്കം തുടങ്ങി; ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത
കേരളത്തിൽ ഇന്നും എല്ലാ ജില്ലകളിലും മഴ ലഭിക്കും. സാധാരണ തോതിലുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ ഈ മാസം 24ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിൻ്റെ ഭാഗമായി കാറ്റിന്റെ ചുഴി ഒഡിഷ തീരത്ത് ദൃശ്യമാണ്.
അതോടൊപ്പം കഴിഞ്ഞ ദിവസം ചൈനയിൽ കരകയറിയ വിഫ ( WIPHA) ചുഴലിക്കാറ്റും നേരിയ തോതിലെങ്കിലും കാറ്റിനെ സ്വാധീനിക്കുന്നു. കേരളത്തിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ കാലവർഷ കാറ്റിന്റെ വേഗതയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും സാധാരണ തോതിലുള്ള മഴ ലഭിക്കാൻ സാധ്യത. മഴ വിട്ടു നിൽക്കുമ്പോൾ മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. കേരളത്തിൽ ഇടവിട്ട മഴ ഉണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിൽ ചൈന കടലിലെ വിഫ (WIPHA) ചുഴലിക്കാറ്റ് ഇന്നലെയാണ് ഹോങ്കോങ്ങിലും തുടർന്ന് ചൈനയിലും കരകയറിയത്. ഹോങ്കോങ്ങിൽ കാറ്റും മഴയും കനത്ത നാശം വരുത്തി.
ചൈനയിലെ Guangdong പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ കരകയറിയത്. വൈകിട്ട് 7.45 നായിരുന്നു ചുഴലിക്കാറ്റ് കരതൊട്ടത്. മരങ്ങളും മേൽക്കൂരകളും തകർന്നു. കാറ്റിന് കര കയറുമ്പോൾ 167 കിലോമീറ്റർ വേഗതയുണ്ടായിരുന്നു.
മഴ കുറവായിരുന്നു. 11 സെൻറീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കാറ്റിനെ തുടർന്ന് 26 പേർക്ക് പരുക്കേറ്റു. ഹോങ്കോങ് വിമാനത്താവളത്തിൽ 400 സർവീസുകൾ താറുമാറായി.
ഉൾക്കടലിലെ കാറ്റ്ചുഴി ശക്തിപ്പെടുന്നതോടെ ന്യൂനമർദ്ദമായി മാറും. നിലവിൽ ഇന്ത്യയുടെ മുകളിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം തീവ്ര ന്യൂനമർദ്ദം ആയിട്ട് ഇന്ന് ദുർബലമായി ന്യൂനമർദ്ദമായതാണ്. ഇതിൽനിന്ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ രൂപപ്പെടുന്ന മേഖലയിലേക്ക് മൺസൂൺ മഴ പാത്തി ( monsoon trough) തുടരുന്നു.
അതോടൊപ്പം, തെക്കൻ കർണാടക മുതൽ തെക്കൻ ആന്ധ്രപ്രദേശ് വരെ East -West Wind Shear Zone ( trough ) ഉം ഉണ്ട്. കേരളം, കർണാടകം, തമിഴ്നാട് കൊങ്കൺ തീരം എന്നിവിടങ്ങളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അറബി കടലിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുണ്ടാകും.
Summary : Stay updated on Kerala’s weather for 21/07/25. Prepare for potential rainfall across all districts as the monsoon intensifies.