Kerala weather updates 09/1/24: ശക്തമായ മഴ തുടരുന്നു; കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ട്

Kerala weather updates 09/1/24: ശക്തമായ മഴ തുടരുന്നു; കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ട്

കോഴിക്കോട് നഗരത്തിലും മലയോര മേഖലയിലും ശക്തമായ കാറ്റും മിന്നലോടെയുള്ള മഴയുമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായത്. കനത്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ കടകളില്‍ വെള്ളം കയറി.

തീരദേശ മേഖല ഉൾപ്പെടെ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ബസ് സ്റ്റാൻഡിന് ഇരുവശത്തും ഓടകൾക്ക് ഗ്രില്ല് സ്ഥാപിച്ച് റോഡിൽ കൂടി വരുന്ന വെള്ളം ഓടകളിലേക്ക് വിടാൻ സൗകര്യം ഒരുക്കി എങ്കിലും ഓടകൾക്ക് വലുപ്പം കുറവായതും ഇവിടെ നിന്ന് തോട്ടിലേക്ക് വെള്ളം എത്തിക്കുന്നതിന് മതിയായ ഓട സൗകര്യം ഇല്ലാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കി.

അഗസ്ത്യൻമൂഴി– കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗൺ പരിസരത്തുള്ള ഓടകളിലെ വെള്ളം ടൗണിൽ എത്തിച്ചതും വെള്ളക്കെട്ട് കൂടാൻ കാരണമായി. ഇത് പരിഹരിക്കുന്നതിന് ടൗണിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന് ഏറെക്കാലമായി പറയുന്നെങ്കിലും ഇതിന് ഫണ്ട് അനുവദിക്കുകയോ പ്രവ‍ൃത്തിക്ക് അന്തിമരൂപം നൽകുകയോ ചെയ്തിട്ടില്ല.

അതേസമയം എരഞ്ഞിക്കലിൽ പുതിയ പാലത്തിന് സമീപം സ്കൂട്ടറിലേക്ക് തെങ്ങ് വീണു. എരഞ്ഞിക്കല്‍ പാലത്തിനു സമീപം ആണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ രണ്ട് പേര് ഉണ്ടായിരുന്നു. അവര്‍ക്ക് പരിക്കില്ല. സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നു. ആനക്കാംപൊയിലില്‍ കനത്ത മഴയെ തുടര്‍ന്ന് മലവെളളപാച്ചില്‍ ഉണ്ടായി.

പുഴകളിലും ജലനിരപ്പുയര്‍ന്നു. വനത്തിനുള്ളില്‍ മഴ പെയ്തതോടെ ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

നാളെ മുതൽ കേരളത്തിലും തമിഴ്നാട്ടിലും മഴ കുറയാനാണ് സാധ്യതയെന്നാണ് Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.

ശ്രീലങ്കക്ക് സമീപം ചക്രവാത ചുഴി (cyclonic circulation) കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നു. ഈ ചക്രവാത ചുഴിയിൽ നിന്ന് ഒരു ന്യൂനമർദ പാത്തി (Trough) ബംഗാൾ ഉൾക്കടലിലേക്ക് നീളുന്നു. അറബി കടലിൽ നിന്ന് കേരളത്തിന് സമാന്തരമായി മറ്റൊരു ന്യൂനമർദ പാത്തിയും ഉടലെടുത്തിരുന്നു. ഇതാണ് തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും മഴ സാധ്യത വർധിപ്പിച്ചത്.

ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി അടുത്തദിവസം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി കടൽ വഴി അറബിക്കടലിൽ എത്താനാണ് സാധ്യത. അതിനാലാണ് ഇന്നു മുതൽ മഴ കടലിലേക്ക് കേന്ദ്രീകരിക്കുന്നത്.

തമിഴ്നാട്ടിൽ മഴക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നും വരുന്ന വരണ്ട തണുത്ത കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്ന് വരുന്ന ഈർപ്പമുള്ള കാറ്റും സംഗമിക്കുന്നതുമൂലം (convergence) ആണ് ശക്തമായ മഴയും മിന്നലും (thunderstorm) ഉണ്ടാകുന്നത്. ഇതാണ് തെക്കൻ തമിഴ്നാട്ടിലെ മഴക്ക് കാരണം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം അടുത്ത അഞ്ചു ദിവസം കൂടി മഴ കേരളത്തില്‍ ലഭിക്കും.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്ന് (ജനുവരി 9) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment