kerala weather 05/07/24: കേരള തീരത്ത് ന്യൂനമർദ പാത്തി ദുർബലം ; ഇന്നത്തെ മഴ ഇങ്ങനെ
വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്ര മുതൽ വടക്കൻ കേരളതീരം വരെ തുടർന്ന ന്യൂനമർദ്ദ പാത്തി (Trough) കർണാടക വരെയായി ചുരുങ്ങി. കഴിഞ്ഞദിവസം ഇത് കേരളം വരെ ഉണ്ടായിരുന്നു.
ഇതോടെ മഴ കർണാടകയിൽ കനത്തു. തീരദേശ കർണാടകയിലും കഴിഞ്ഞ ദിവസം അതിശക്തമായ മഴയും തീവ്ര മഴയും ലഭിച്ചു. ഉഡുപ്പിയിൽ ആണ് തീവ്ര മഴ ലഭിച്ചത്. ഉഡുപ്പി ജില്ലയിൽ 24 മണിക്കൂറിൽ 261 mm മഴ രേഖപ്പെടുത്തി.
കാലവർഷം ദേശീയതലത്തിൽ എല്ലായിടത്തും പുരോഗമിച്ചതോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. കർണാടക കൊങ്കടങ്ങളിൽ ഇന്നും ശക്തമായ മഴ തുടരും.
കേരളത്തിൽ വടക്കൻ ജില്ലകളിൽ കർണാടകയിലെ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം ഉള്ളതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.
ഇന്നലെ രാത്രിയിലും വടക്കൻ കേരളത്തിൽ മഴ ലഭിച്ചിരുന്നു. പെട്ടെന്ന് ശക്തമായി പെയ്ത് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടു നിന്ന ശേഷം ദീർഘമായ ഇടവേളകളിലേക്ക് മാറുന്ന രീതിയിലുള്ള മഴയാണ് ഇപ്പോൾ പെയ്യുന്നത്.
കേരളത്തിൽ കലവർഷക്കാറ്റ് ദുർബലമായതോടെ കിഴക്കൻ മലയോര മേഖലകളിലും മറ്റും ഇടിയോടു കൂടെയുള്ള മഴയും പ്രതീക്ഷിക്കണം.
വടക്കൻ കേരളത്തോടൊപ്പം മധ്യ ജില്ലകളിലും ഒറ്റപ്പെട്ട രീതിയിൽ മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസർകോട്, തൃശൂർ, ആലപ്പുഴ, കൊല്ലം, ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. പ്രാദേശിക അടിസ്ഥാനത്തിലുള്ള മഴയാണ് ഇന്ന് ലഭിക്കുക. ഏറെനേരം നീണ്ടുനിൽക്കാതെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനത്തിൽ ഈ മാസം 10 വരെ കേരളത്തിൽ സാധാരണ മഴ ലഭിക്കും. കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളുടെ തീരദേശങ്ങളിലും തിരുവനന്തപുരം ജില്ലയിലുമാണ് ഈയാഴ്ച സാധാരണ തോതിൽ വഴി ലഭിക്കുക. മറ്റു ജില്ലകളിൽ മഴ സാധാരണക്കാർ കുറഞ്ഞേക്കും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.