kerala weather 18/05/24 : ശക്തമായ മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട്
അതിശക്തമായ മഴ സാധ്യതയെ തുടര്‍ന്ന് പത്തനംതിട്ട, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഈ വര്‍ഷം മഴയെ തുടര്‍ന്ന് കേരളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതതയെ തുടര്‍ന്നാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് അതിശക്തമായ മഴ (Very heavy rainfall) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ഇന്ന് ഉച്ചയ്ക്കുള്ള ഫോര്‍കാസ്റ്റില്‍ അറിയിച്ചിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന തീവ്ര മഴയെ തുടര്‍ന്നാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ കാരണം. തീവ്രമായ മഴ (Extream Rainfall ) പല അപകടങ്ങളും സൃഷ്ടിക്കും. മലവെള്ളപ്പാച്ചിനും മിന്നല്‍ പ്രളയങ്ങള്‍ക്കും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതിനിടെ, കഴിഞ്ഞ ഏതാനും ദിവസമായി തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്. ഊട്ടിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെയില്‍പാലത്തില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കല്ലാര്‍- ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണത്. ഇന്നലെ രാത്രിയാണ് മണ്ണിടിച്ചില്‍. രാവിലെ വിനോദ സഞ്ചാരികളുമായി സര്‍വിസ് ആരംഭിക്കുന്നതിന് മുന്‍പാണ് ട്രാക്കില്‍ പാറയുള്ളതായി ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്. തുടര്‍ന്ന് യാത്ര റദ്ദാക്കി.
ഇതേ തുടര്‍ന്ന് മേട്ടുപ്പാളയം- ഉദഗമണ്ഡലം (ഊട്ടി) 06136 നമ്പര്‍ ട്രെയിനാണ് റദ്ദാക്കിയിട്ടുള്ളത്. പാതയില്‍നിന്നും മണ്ണ് നീക്കിയതിനു ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കാനാകൂ. യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ കൂനൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ 17 സെ.മി മഴ ലഭിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ മഴയാണിത്. ഇന്നും ഈ മേഖലയില്‍ തീവ്ര മഴ സാധ്യതയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് നല്‍കി.
കടലില്‍ പോകരുത്
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
കാലാവസ്ഥാ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS