Kerala weather 19/07/25 : വ
കേരളത്തിൽ ഇന്ന് വൈകിട്ട് മുതൽ വീണ്ടും ശക്തമായ മഴ സാധ്യത. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടുമെന്ന് കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
ഇന്ന് വിവിധ ജില്ലകളിൽ ഇടത്തരം / ശക്തമായ മഴ ലഭിക്കും. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കാം. കടലിൽ ശക്തമായ മേഘ രൂപീകരണം രാവിലെ മുതൽ നടക്കുന്നുണ്ട്. എന്നാൽ ഉച്ചയ്ക്ക് വരെ കരയിൽ സാധാരണ രീതിയിലുള്ള മഴയെ ഉള്ളൂ. മേഘങ്ങൾ വൈകിട്ടോടെ കരകയറുകയും കൂടുതൽ ശക്തമായ മഴ ലഭിക്കുകയും ചെയ്യും.
offshore wind ൻ്റെ സാന്നിധ്യം മൂലം വേഗം കരകയറാൻ ആകാതെ കടലിൽ തന്നെ ശക്തമായ മഴ ലഭിക്കുകയാണ്. ഈ മേഘങ്ങൾ കരകയറി പെയ്യുകയായിരുന്നെങ്കിൽ നഗരങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുമായിരുന്നു.
രാത്രി കൂടുതൽ മഴ സാധ്യത
രാത്രിയോടെ ഈ മേഘങ്ങൾ കുറെയൊക്കെ കരയിലേക്ക് കയറും. ഉച്ചയ്ക്ക് ശേഷം കടൽക്കാറ്റ് സജീവമാകുന്നതാണ് കാരണം. ബംഗാൾ ഉൾക്കടലിലെ ഒഡിഷ തീരത്തെ കാറ്റിൻ്റെ കറക്കവും അടുത്ത ദിവസങ്ങളിൽ രൂപപ്പെടാനിരിക്കുന്ന ചക്രവാത ചുഴിയും ചൈനാ കടലിലെ ചുഴലിക്കാറ്റും ശക്തിപ്പെടുമ്പോഴാണ് കേരളത്തിൽ തുടർച്ചയായ ശക്തമായ മഴ ലഭിക്കുകയുള്ളൂ.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മഴ ശക്തമാക്കും
ഈ മാസം 22 മുതൽ ബംഗാൾ ഉൾക്കടലിലെ സിസ്റ്റത്തിന്റെ സ്വാധീനം കേരളതീരത്ത് മഴയായി ദൃശ്യമായി തുടങ്ങും. പസഫിക് സമുദ്രത്തിലെ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും മഴയെ കൂടുതൽ സജീവമാക്കും.
നിലവിൽ ജലനിരപ്പ് ഉയർന്ന നദികൾക്കും പുഴകൾക്കും സമീപത്ത് താമസിക്കുന്നവർ സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുക.
നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകി. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷൻ- ജലനിരപ്പ് ഉയരുന്നു)
കാസർഗോഡ്: ഉപ്പള (ഉപ്പള സ്റ്റേഷൻ- ജലനിരപ്പ് താഴുന്നു)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും അറിയിപ്പിൽപറയുന്നു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ) കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ 20/07/2025 വൈകുന്നേരം 05.30 വരെയും കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) 20/07/2025 പകൽ 08.30 വരെയും 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്.
English Summary: Stay updated on Kerala’s weather for 19/07/25. Heavy rain expected from evening, with flood alerts for rivers and rough sea conditions.