kerala weather 18/03/25: ഇന്ന് തെക്ക് കൂടുതല്‍ മഴ, സാധ്യതാ പ്രദേശങ്ങള്‍ അറിയാം

kerala weather 18/03/25: ഇന്ന് തെക്ക് കൂടുതല്‍ മഴ, സാധ്യതാ പ്രദേശങ്ങള്‍ അറിയാം

കേരളത്തിനും തമിഴ്‌നാടിനും കുറുകെ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയുടെയും മധ്യ കേരളം മുതല്‍ കന്യാകുമാരി വരെ കിഴക്കന്‍ മലയോര മേഖലയ്ക്കു മുകളിലെ കാറ്റിന്റെ അഭിസരണവും മൂലം ഇന്നും കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം ഇടിയോടെ കനത്ത മഴ സാധ്യത.

തെക്ക് ഇന്ന് മഴ കൂടും

തെക്കന്‍ ജില്ലകളിലാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കുക. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ഇടിയോടെ മഴ ലഭിക്കാന്‍ സാധ്യത. വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട മഴ തുടരും. ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനം മൂലമാണിത്. തെക്കന്‍ കേരളത്തില്‍ ഉച്ചയ്ക്കു ശേഷം എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ സാധ്യത. കിഴക്കന്‍ പ്രദേശങ്ങളിലാണ് ആദ്യം മഴ തുടങ്ങുക.

ഇന്നലെ കേരളത്തില്‍ മഴ ലഭിച്ചു

കേരളത്തില്‍ ഇന്നലെയും ശക്തമായ വേനല്‍ മഴ ലഭിച്ചു. വടക്കന്‍ ജില്ലകളിലാണ് ഇന്നലെയും മിയാന്നും കൂടുതല്‍ മഴ ലഭിച്ചത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴ രേഖപ്പെടുത്തി.

മലപ്പുറം ജില്ലയില്‍ മഴക്കൊപ്പം ശക്തമായ കാറ്റും വീശി. കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി. വീടിനു മുകളിലേക്ക് തെങ്ങ് വീണു. വാണിയമ്പലത്ത് വാട്ടര്‍ ടാങ്കുകള്‍ റോഡിലേക്ക് വീണു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു.

ചൂട് കുറഞ്ഞു

രണ്ടു ദിവസത്തോളമായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും വേനല്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന് ചൂടിന് കുറവുണ്ടായി. കേരളത്തില്‍ ചൂട് മുന്നറിയിപ്പുകള്‍ ഇല്ല. തമിഴ്‌നാട്ടിലും ഉള്‍നാടന്‍ കര്‍ണാടകയിലും മഴ മുന്നറിയിപ്പുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ 40 ഡിഗ്രിയോ അതില്‍ കൂടുതലോ താപനില ഇന്ന് അനുഭവപ്പെട്ടേക്കാമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. ഒപ്പം തെക്കന്‍ തമി ഴ്‌നാട് പശ്ചിമഘട്ട മേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിയോടെ ശക്തമായ മഴ ലഭിക്കും.

വടക്കന്‍ ജില്ലകളിലും ഇന്ന് മഴ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും ഇടത്തരം മഴ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും ഇടിയോടെ ഇടത്തരം മഴ ലഭിക്കുമെന്നും കാസര്‍ക്കോട് ഒന്നോ രണ്ടോ പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

മത്സ്യത്തൊഴിലാളി മുന്നറിയിപ്പ്

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുകളില്ല. മത്സ്യബന്ധനത്തിന് കടലില്‍ പോകാം. എന്നാല്‍ തമിഴ്‌നാട്, പുതുച്ചേരി, കാരൈക്കല്‍ അടിയൊഴുക്ക് ( Ocean current Alert) ഉണ്ട്.

കേരളത്തില്‍ ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങള്‍

പത്തനംതിട്ട, അടൂര്‍, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, കൊല്ലം, ആയൂര്‍, കുളത്തുപുഴ, ളാഹ, റാന്നി, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കോട്ടയം, വൈക്കം, ആലപ്പുഴ, എറണാകുളം, ആര്‍ത്തുങ്കല്‍, പറവൂര്‍, ഉഴവൂര്‍, തൊടുപുഴ, പണ്ടപ്പള്ളി, ഇളഞ്ഞി, പിറവം, കോലഞ്ചേരി, മൂവാറ്റുപുഴ, നേര്യമംഗലം, കുട്ടമ്പുഴ, മക്കരച്ചാല്‍, അങ്കമാലി, പൊരിങ്ങല്‍കുത്ത്, ചാലക്കുടി, ഇരിങ്ങാലക്കുട, ചെര്‍പുളശ്ശേരി, കോങ്ങാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കൊടുങ്ങല്ലൂര്‍, നിലമ്പൂര്‍, വണ്ടൂര്‍, തുവ്വൂര്‍, ഒമനൂര്‍, അരീക്കോട്, എടവണ്ണ, തോട്ടുമുക്കം, മുക്കം, താമരശ്ശേരി, ലക്കിടി, കല്‍പറ്റ, നടുവണ്ണൂര്‍, അത്തോളി, കക്കയം, തലയാട്, തുഷാരഗിരി, ബാലുശ്ശേരി, പൂവാറന്‍തോട്, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട്, ചക്കിട്ടപാറ, പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍, വെങ്ങാട്, ഇരിക്കൂര്‍, കൂത്തുപറമ്പ്, കേരളം, പെരിയ, മയ്യില്‍, പയ്യാവൂര്‍, നടുവില്‍, പൈതമല തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് ഇടിയോടെ മഴ സാധ്യത.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020