Kerala Weather 26/12/23: തുലാവർഷം വിടവാങ്ങൽ വൈകും; ജനുവരി ആദ്യവാരം വീണ്ടും മഴ സാധ്യത
ഈ മാസം അവസാനം വിടവാങ്ങേണ്ട വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) വിടവാങ്ങാൻ വൈകും. ജനുവരിയിലും തുലാവർഷത്തിന്റെ ഭാഗമായ മഴ ലഭിക്കുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. ഡിസംബർ 31 വരെ പെയ്യുന്ന മഴയാണ് തുലാവർഷത്തിന്റെ കണക്കിൽ പെടുത്തുക. ജനുവരിയിൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ ഭാഗമാണെങ്കിലും ശീതകാല മഴയുടെ കണക്കിലാണ് ഉൾപ്പെടുത്തുക.
ഒക്ടോബർ അവസാന വാരത്തിലാണ് ഇത്തവണ വടക്കു കിഴക്കൻ മൺസൂൺ എത്തിയത്. എന്നാൽ ഒക്ടോബർ 1 മുതൽ പെയ്യുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക. 2024 ജനുവരി ഒന്നാം വാരത്തിലും തമിഴ്നാട്ടിൽ തുലാവർഷ ഭാഗമായുള്ള ശക്തമായ മഴ ലഭിക്കും. എന്നാൽ തമിഴ്നാട്ടിൽ കൂടുതൽ മഴയും കേരളത്തിൽ മഴയുമാണ് ലഭിക്കുക. ഡിസംബർ 30 മുതൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നാണ് തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിച്ചത്. തെക്കൻ തമിഴ്നാട്ടിൽ പ്രളയക്കെടുതി ഇനിയും അവസാനിച്ചിട്ടില്ല. തമിഴ്നാട്ടിൽ 6% അധിക മഴയാണ് ഇതുവരെ ലഭിച്ചത്. ഇതുവരെ 45 സെ.മി മഴയാണ് തമിഴ്നാട്ടിൽ ലഭിച്ചത്. 42 സെ.മി. മഴയാണ് സാധാരണ കണക്കിൽ ഈ കാലയളവിൽ ലഭിക്കേണ്ടത്.
തമിഴ്നാട്ടിലെ 38 ജില്ലകളിൽ 5 ജില്ലകളിൽ 60% ൽ ഏറെ മഴ ലഭിച്ചു. എട്ടു ജില്ലകളിൽ 20 മുതൽ 59 % വരെ മഴയും 12 ജില്ലകളിൽ സാധാരണ മഴയും 15 ജില്ലകളിൽ മഴ കുറവും രേഖപ്പെടുത്തി.
വടക്കു കിഴക്കൻ കാറ്റ് വീണ്ടും ശക്തിപ്പെടുന്നതിനാൽ തമിഴ് നാട്ടിലെ തീരദേശങ്ങളിൽ ഡിസംബർ 30ന് ശേഷം വീണ്ടും മഴ സാധ്യത കൂടുതലാണ് എന്ന് Metbeat Weather പറയുന്നു. പശ്ചിമവാത (Western Disturbance) സ്വാധീനം മൂലം മധ്യ ഇന്ത്യയിലും മഴ ലഭിക്കും. കേരളത്തിലെ മഴ സാധ്യതയെക്കുറിച്ച് അടുത്ത ദിവസങ്ങളിലെ പോസ്റ്റുകളിൽ കൂടുതൽ വിവരങ്ങൾ വായിക്കാം.