വരൾച്ച ; നാളികേരത്തിന്റെ നാട്ടിൽ ഉത്പാദനത്തിന് കുറവ് വരുന്നു

വരൾച്ച ; നാളികേരത്തിന്റെ നാട്ടിൽ ഉത്പാദനത്തിന് കുറവ് വരുന്നു

ഡോ. ഗോപകുമാര്‍ ചോലയില്‍

(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം -3)

മികച്ചതോതിലുള്ള നാളികേരോത്പാദനമാണ് കേരളത്തിലുള്ളത്. 2018-19 ലെ കണക്കുപ്രകാരം 760947 ഹെക്ടറിൽ നിന്ന് 52990 കക്ഷം നാളികേരം ഉത്പാദിപ്പിച്ചു. അതായത് ഹെക്ടറൊന്നിന് 6964 നാളികേരം. ദേശീയ ശരാശരിയേക്കാൾ (9897) കുറവാണിത്. തെങ്ങൊന്നിന് കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ ആന്ധ്ര പ്രദേശ് (9897), പശ്ചിമബംഗാൾ (12467), തമിഴ്‌നാട് (12291), തെലുങ്കാന (12232) എന്നിങ്ങനെയാണ്. തെങ്ങിൻ തോട്ടങ്ങളുടെ വിസ്തീർണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും നാളികേരോത്പാദനം അത്ര കണ്ട് വർധിക്കുന്നില്ല.

കാലാവസ്ഥയിലെ നാളികേര കൃഷിയും ബാധിക്കുന്നു

കാലവർഷക്കാലത്ത് ലഭിക്കുന്ന കനത്ത മഴ, വേനലിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ തീരെ മഴ ലഭിക്കാത്ത അവസ്ഥ, മണ്ണിലെ പോഷകങ്ങളുടെ പോരായ്മ, മികച്ച പരിചരണ മുറകളുടെ അഭാവം, തെക്കൻ ജില്ലകളിലെ വേരുചീയൽ രോഗത്തിന്റെ വ്യാപനം എന്നിവ ഇതിന് കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. മറ്റ് കാലികവിളകളെ അപേക്ഷിച്ച് കാലാവസ്ഥയിലെ താളപ്പിഴകളോട് താരതമ്യേന സഹിഷ്ണുത പുലർത്തുന്ന വിളയാണ് തെങ്ങ്. കനത്ത മഴയും ഉയർന്ന ചൂടും ഒരു പരിധിവരെ താങ്ങാനുള്ള കഴിവ് തെങ്ങിനുണ്ട്.

വിളവ് കൂടുതൽ ലഭിക്കുന്നതെങ്ങനെ?

ചൊട്ടയിടുന്ന സമയം മുതൽ മച്ചിങ്ങ പിടിക്കുന്ന സമയം വരെ മണ്ണിൽ ഈർപ്പക്കമ്മി അനുഭവപ്പെട്ടാൽ മച്ചിങ്ങ പൊഴിച്ചിൽ കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. വേനൽക്കാലത്ത് നന (irrigation) ലഭിക്കുന്നത് മികച്ച രീതിയിലുള്ള നാളികേരോത്പാദനത്തിന് വഴിവെക്കുന്നു. പരമ്പരാഗതവും അല്ലാത്തതുമായ തെങ്ങിൻ തോട്ടങ്ങളിൽ വേനൽക്കാലത്ത് നനക്കുന്നത് ഉത്പാദനം ഉയർത്തും.


1983-84 ൽ കേരളത്തിലെ നാളികേരോത്പാദനം കുത്തനെ ഇടിഞ്ഞു. 1983 വേനലിൽ അനുഭവപ്പെട്ട അഭൂതപൂർവമായ വരൾച്ചയായിരുന്നു കാരണം. 1983 ന് ശേഷം 2004, 2013, 2016 എന്നീ വർഷങ്ങളിലും സമാന സാഹചര്യങ്ങൾ ഉണ്ടായി. 2013-14 ൽ നാളികേരോത്പാദനത്തിൽ 10 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതേ സമയം, തെങ്ങ് കൃഷി ചെയ്യുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നാളികേരോത്പാദനത്തിൽ ഇടിവുണ്ടായി. തെങ്ങ് കൃഷിയുള്ള ഇടങ്ങളിൽ 2012-13 വേനലിൽ അനുഭവപ്പെട്ട നീണ്ട വരൾച്ചയായിരുന്നു ഉത്പാദനം ഇടിയുവാൻ കാരണം.

വരൾച്ച നാളികേര ഉൽപാദനത്തെ ബാധിക്കുമോ?

കേരളത്തിലെ സാഹചര്യങ്ങളിൽ ജൂൺ മുതൽ സെപ്തംബർ വരെ ലഭിക്കുന്ന കനത്ത മഴയും വേനൽക്കാലത്ത് അനുഭവപ്പെടുന്ന സുദീർഘമായ വരൾച്ചാവേളകളും തൊട്ടടുത്ത വർഷത്തെ നാളികേരോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായിട്ടാണ് കണ്ട് വരുന്നത്. വർഷാശ്രിത കൃഷിസമ്പ്രദായം അവലംബിക്കുന്ന ഇടങ്ങളിലാണ് വേനൽക്കാലത്തെ കടുത്ത വരൾച്ചമൂലം നാളികേരോത്പാദനം ഗണ്യമായി കുറയുന്നത്. മറിച്ച്, വേനലിൽ ലഭിക്കുന്ന മഴക്ക് തൊട്ടടുത്ത വർഷത്തെ നാളികേരോത്പാദനത്തെ സംബന്ധിച്ചിടത്തോളം അനുകൂല പ്രഭാവമാണുള്ളത്.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള തെങ്ങിൻ തോട്ടങ്ങളിൽ വേനലിൽ അനുഭവപ്പെടുന്ന വരൾച്ചയുടെ പ്രതികരണം കണ്ട് തുടങ്ങുന്നത് വരൾച്ചക്കുശേഷം ഏഴാമത്തെയോ എട്ടാമത്തെയോ മാസങ്ങളിലാണ്. മൺസൂൺ കാലത്ത് ലഭിക്കുന്ന കനത്ത മഴയും വേനൽ മാസങ്ങളിലെ സുദീർഘമായ വരൾച്ചാ വേളകളും തെങ്ങിന്റെ വളർച്ചാ ഘട്ടങ്ങളെ മാത്രമല്ല, നാളികേരോത്പാദനത്തെയും സ്വാധീനിക്കുന്നു. വരൾച്ചമൂലം പ്രതിമാസ നാളികേരോത്പാദനത്തിലുണ്ടാകുന്ന ഇടിവ് 12 മാസത്തോളം തുടരാം. ഇടിവ് പാരമ്യത്തിലെത്തുന്നത് വരൾച്ചയ്ക്ക് ശേഷമുള്ള പന്ത്രണ്ടാമത്തെയോ അഥവാ പതിമൂന്നാമത്തെയോ മാസമാണ്.

വേനൽക്കാല വരൾച്ച മൂലം തൊട്ടടുത്ത വർഷത്തെ നാളികേരോല്പാദനത്തിൽ ഉണ്ടാകുന്ന കുറവ് ഓരോ വൃക്ഷത്തിന്റെയും കായ് പിടുത്ത ശേഷിക്കനുസരിച്ച് വ്യത്യസപ്പെട്ടിരിക്കും. കായ് പിടുത്ത ശേഷി കൂടുതലുള്ള തെങ്ങുകളിൽ- അതായത് പ്രതിവർഷം 100 നാളികേരത്തിലേറെ ലഭിക്കുന്നവ- ഈ ഇടിവ് 25 ശതമാനത്തോളം വരും.

തെങ്ങുകൾ നേരിടുന്ന സമ്മർദ്ദങ്ങളെ എങ്ങനെ ലഘൂകരിക്കാം

സങ്കര ഇനം തൈകൾ, മെച്ചപ്പെട്ട പരിപാലനരീതികൾ, ആവരണതൈകൾ, ഇടവിളകൾ, മികച്ച ജലപരിപാലന രീതികൾ, സംയോജിത കീട പരിപാലനം എന്നിവ തെങ്ങുകൾ നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങളെ ഒരു പരിധി വരെ ലഘൂകരിക്കുന്നു.
1981 -1990 ദശകത്തിലായിരുന്നു നാളികേരോത്പാദനത്തിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടായത് (17.9 %). കേരളത്തിൽ അനുഭവപ്പെട്ട ഏറ്റവും ചൂടേറിയതും വരണ്ടതുമായ ദശകമായിരുന്നു 1981 -90.

ഇതേദിശകത്തിൽ തന്നെയാണ് നാളികേരോത്പാദനത്തിലെ ഇടിവ് ഉച്ഛസ്ഥായിയിൽ എത്തിയത്. 1983-84 വർഷത്തിൽ 19.2 ശതമാനവും തുടർന്ന് 1987-88 ൽ നാല് ശതമാനവും ഇടിവുണ്ടായി. 2015 -16 ലെ വരൾച്ച മൂലം 2016-17 ൽ അനുഭവപ്പെട്ടത് 9 ശതമാനത്തിന്റെ കുറവാണ്. ദീർഘകാലാടിസ്ഥാനത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം നാളികേരോത്പാദനത്തിൽ നേരിയ ഇടിവിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാന അനുകൂലനപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ നാളികേരോത്പാദനത്തിൽ സുസ്ഥിരത നിലനിർത്തുന്നതിനുവേണ്ടിയുള്ള നടപടികൾ മുൻകൂട്ടി കൈക്കൊള്ളേണ്ടതാണ്.

2023ലെ ശീതകാലം കൂടുതൽ ചൂടായിരിക്കുമെന്ന് കാലാവസ്ഥാ ഔട്ട്‌ലുക്ക് ഫോറം

അന്തരീക്ഷതാപനിലയിലെ വർദ്ധനവ് നാളികേരത്തിന്റെ വലിപ്പത്തെയും വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. പൂങ്കുലകളുടെ വികസന ദിശയിലെ നിർണ്ണായക ഘട്ടങ്ങൾ മഴക്കുറവുള്ള ജനുവരി-ഏപ്രിൽ മാസങ്ങളിലാണെകിൽ, തെങ്ങിന് അനുഭവപ്പെടുന്ന ഈർപ്പക്കമ്മി തേങ്ങയുടെ എണ്ണത്തിലും കൊപ്രയുടെ ഗുണനിലവാരത്തിലും കുറവുണ്ടാകുന്നതിന് ഇടയാക്കുന്നു.

അതുപോലെ ജനുവരി -ഫെബ്രുവരി മാസങ്ങളിൽ ലഭിക്കുന്ന നല്ല വിളവിനും കാരണം പൂങ്കുലകളുടെ നിർണ്ണായക വികസന ഘട്ടം ഈർപ്പക്കമ്മി തീരെയില്ലാത്ത ജൂൺ-സെപ്തംബര് മാസങ്ങളിൽ നടക്കുന്നതുകൊണ്ടാണ്. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ, മികച്ച വിളവ് തരുന്ന നാടൻ -സങ്കര തെങ്ങിനങ്ങൾ, മെച്ചപ്പെട്ട കൃഷി രീതികൾ, ആവരണ വിളകൾ, മറ്റ് യോജിച്ച വിളകൾ തെങ്ങിൻ തോട്ടങ്ങളിൽ നട്ടുവളർത്തൽ, വിവേകപൂർവ്വമായ ജലവിനിയോഗം, സംയോജിത കീട നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ അവലംബിച്ച് ജൈവ-അജൈവ ഘടകങ്ങളിൽ നിന്നുള്ള ദോഷഫലങ്ങൾ ഏറെക്കുറെ ലഘൂകരിക്കാവുന്നതാണ്.

അനുമാനിത കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളിൽ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കുവാൻ തനിവിള കൃഷിയേക്കാളും കൂട്ടുവിള കൃഷി സമ്പ്രദായമാണ് അഭികാമ്യം. തെങ്ങിൻതടങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കുവാൻ വെള്ളക്കെട്ട് ഒഴിവാക്കേണ്ടതുണ്ട്. ഇതിന് വേണ്ടി തോട്ടങ്ങളിൽ അധിക ജലം ഒഴുക്കിക്കളയുവാനുള്ള സൗകര്യം ഉണ്ടായിരിക്കണം; പ്രത്യേകിച്ച് കനത്ത മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ. ഇത്തരം പരിപാലന രീതികൾ തോട്ടവിളകളിൽ നിന്ന് മികച്ച വിളവ് ഉറപ്പാക്കുന്നു. (തുടരും)

(കാലാവസ്ഥാ ശാസ്ത്രജ്ഞനും കാര്‍ഷിക സര്‍വകലാശാല മുന്‍ സയിന്റിഫിക് ഓഫിസറുമാണ് ലേഖകന്‍)

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment