Kerala weather 26/10/24: മണ്ണാർക്കാട് കനത്ത മഴ: അട്ടപ്പാടി ചുരം റോഡിൽ ക്രോസ് വേ കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് imd അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് imd.
അതേസമയം നിലവിൽ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഭാഗത്ത് കനത്ത മഴ തുടരുകയാണ്.അട്ടപ്പാടി ചുരം റോഡിൽ മന്തം പൊട്ടി ഭാഗത്ത് കോസ് വേ കരകവിഞ്ഞ് മണ്ണാർക്കാട് ചിന്നത്തടാകം റോഡിൽ ഗതാഗതം തടസപ്പെട്ടു. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.