Kerala weather 26/04/24: മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
കേരളത്തിൽ ഇന്ന് മുതല്‍ ഏപ്രില്‍ 28 വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തുകയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന സാഹചര്യത്തിൽ ആണ് ഉഷ്ണതരംഗ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകിയത്.
ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?
ഒരു സ്റ്റേഷൻ്റെ പരമാവധി താപനില സമതലങ്ങളിൽ കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയാൽ താപ തരംഗമായി കണക്കാക്കുന്നു.
4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി വരെ സാധാരണയെക്കാൾ കൂടുതൽ ചൂട് ആ പ്രദേശത്ത് രേഖപ്പെടുത്തുകയും ചെയ്താൽ താപ തരംഗം(heat wave )ആയി കണക്കാക്കും. 45 ഡിഗ്രി ടെമ്പറേച്ചർ ചൂട് മാത്രം വന്നാലും താപ തരംഗമായി കണക്കാക്കും.
2024 ഏപ്രില്‍ 26 മുതല്‍ 30 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (അതായത് സാധാരണയെക്കാള്‍ 3മുതൽ 5°C കൂടുതല്‍)ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 26 മുതല്‍ 30 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
FOLLOW US ON GOOGLE NEWS