Kerala weather 21/05/24: ഇന്നും മഴ തുടരും;മഴയില്‍ കുതിര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം പോത്തൻകോട്, വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം . പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരണപ്പെട്ടത് . മഴയിൽ കുതിർന്ന ചുമർ ഇടിഞ്ഞുവീണ അപകടം സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് തിരുവനന്തപുരത്ത്.
പുതിയ വീട് പണി കഴിഞ്ഞതിനെത്തുടർന്ന് പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുമ്പോൾ മഴ ശക്തിപ്പെട്ടതിനെ തുടർന്ന് വീട് പൊളിക്കുന്നത് നിർത്തിവച്ചിരുന്നു. ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നു. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതായിരുന്നു വീട്ടമ്മ. ഈ സമയത്താണ് അപകടം സംഭവിച്ചത്.
ഉടനെ തന്നെ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം കേരളത്തിൽ ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന മഴ ഇന്നും തുടരുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ മേഖലകളിൽ നിന്നും മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇത് പിന്നീട് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിങ്ങിനും നിരോധനം ഉണ്ട്.
ഇന്നലെ പത്തനംതിട്ട ജില്ലയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് രണ്ട് പേരെ കാണാതായത്. മീൻ പിടിക്കാൻ പോയ 63 കാരൻ ഗോവിന്ദനെയാണ് പള്ളിക്കൽ ആറ്റിൽ കാണാതായത്. ബിഹാർ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി.
രാത്രി വൈകിയും പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നുമുണ്ട് . അത്യാവശ്യങ്ങൾക്കായി രാത്രി യാത്ര ചെയ്യേണ്ടവർ പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി യാത്ര ചെയ്യണമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഉയർന്ന തിരമാലക്ക് സാധ്യത
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ നാളെ (21-05-2024) രാത്രി 11.30 വരെ 0.5 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 14 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരൈ വരെ നാളെ (21-05-2024) രാത്രി 11.30 വരെ 0.5 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 14 cm നും 58 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS