Kerala weather 19/04/25: ഇടിമിന്നൽ കാറ്റ് ജാഗ്രത വേണം; ഒറ്റപ്പെട്ട മഴ,പുഴുങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമില്ല
കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നലെ വൈകിട്ടും രാത്രിയുമായി ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം വീശുന്ന കാറ്റിനു 30 മുതൽ 40 കിലോമീറ്റർ വരെ വേഗത ഉണ്ടായേക്കാം.
കേരളത്തിൽ മഴക്ക് അനുകൂലമായ പ്രത്യേകമായ കാലാവസ്ഥ സിസ്റ്റങ്ങൾ ഒന്നും നിലവിലില്ല. കർണാടകയുടെ ഉൾപ്രദേശങ്ങളിൽ (interior karnataka) നിന്ന് തമിഴ്നാടിന് മുകളിലൂടെ നീങ്ങുന്ന ന്യൂനമർദ്ദപ്പാത്തി (low level Trough) നില നിൽക്കുന്നുണ്ട്. അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിനു മുകളിൽ കിഴക്കൻ മലയോര മേഖലയുടെ സമീപത്തായി കാറ്റിന്റെ അഭിസരണം ( wind convergence ) രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വേഗത്തിൽ മേഘങ്ങളെ സൃഷ്ടിക്കുകയും മഴ നൽകുകയും ചെയ്യുന്നു.
പടിഞ്ഞാറൻ കാറ്റിൻ്റെ ( westerlies ) വേഗതക്ക് അടിസ്ഥാനമാക്കി ആയിരിക്കും മഴയുടെ സാധ്യത. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടാൽ മഴ സാധ്യത കിഴക്കോട്ടേക്ക് നീങ്ങും. അല്ലെങ്കിൽ ഇടനാട് പ്രദേശങ്ങളിലേക്ക് മഴ എത്താനാണ് സാധ്യത. ഏതായാലും ഇന്ന് കേരളത്തിൻ്റെ വിവിധ മേഖലകളിൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. ഇന്ന് കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു.
അതേസമയം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ചൂടും ഈർപ്പമുള്ള അന്തരീക്ഷവും (Hot Humid) ആണ് പുഴുങ്ങൽ അവസ്ഥ ഉണ്ടാക്കുന്നത്. തീരദേശത്ത് കാറ്റിൻ്റെ പാറ്റേണിൽ ( wind direction ) ഉണ്ടാകുന്ന വ്യതിയാനകളും ചൂടു കൂടാൻ ഇടയാക്കുന്നുണ്ട്.
ഇടിമിന്നലിന്റെ ആദ്യ സൂചനകൾ കണ്ടാൽ സുരക്ഷിത മേഖലകളിലേക്ക് മാറണം. മിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റിലെ താഴെ കൊടുത്ത് ലിങ്ക് ഉപയോഗിക്കാം.
Tag:Be careful with thunderstorms; Isolated rains, there is no change in the rotting conditions