Kerala weather 19/02/24: ചൂട് കഠിനം; മൂന്ന് ജില്ലകളിൽ താപനില മുന്നറിയിപ്പ്, ചില പ്രദേശങ്ങളിൽ മഴ ലഭിച്ചു
കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധാരണയേക്കാൾ മൂന്നു മുതൽ 4 ഡിഗ്രി വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
അതേസമയം കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ ചാറ്റൽ മഴ ലഭിച്ചു. ചൂട് കൂടിയതിനെ തുടർന്ന് പെയ്യുന്ന മഴയാണിത്. താപ സംവഹന മഴ എന്നാണ് ഇതിന് പറയുന്നത്.