Kerala weather 17/02/25: കൊടുംചൂട്; ഉഷ്ണ തരംഗത്തിനും സാധ്യത
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അനുഭവപ്പെടുന്ന ചൂട് കണക്കിലെടുത്താൽ ഉഷ്ണതരംഗം വരാനുള്ള സാഹചര്യം ഉണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ. സമതലങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസും മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസും ആവുമ്പോഴാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത്. ശനിയാഴ്ച രാജ്യത്ത് തന്നെ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെട്ടത് പാലക്കാട് ആണ്. 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പാലക്കാട് അനുഭവപ്പെട്ട താപനില. കൂടുതൽ ചൂട് അനുഭവപ്പടാറുള്ള ഏപ്രിൽ, മേയ് മാസങ്ങൾക്ക് മുൻപാണ് ഇതെന്നതും ശ്രദ്ധേയം.
കേരളത്തിൽ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വർഷമായി ചൂട് വർദ്ധിച്ചു വരികയാണ് . പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകൾ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണമാവുന്നത്. 2016 ഏപ്രിലിലായിരുന്നു പാലക്കാട്ട് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 41.9 ഡിഗ്രി സെൽഷ്യസ്.
രാജ്യത്ത് മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണ തരംഗം സാധാരണയായി ഉണ്ടാവാറ്. ഒഡിഷ, ബിഹാർ, പഞ്ചാബ്, ഹരിയാണ, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഉഷ്ണ തരംഗം അനുഭവപ്പെടാറുള്ളത്. തമിഴ്നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. 2016 മുതലാണ് തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തിൽ പ്രകടമായത്. കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വർഷമാണ്. തുടർന്ന് 2017-ൽ ഓഖിയും 2018-ൽ പ്രളയവും ഉണ്ടായിരുന്നു.
ഉഷ്ണതരംഗമുണ്ടായാൽ സൂര്യതാപം മുതൽ ക്ഷീണവും ഛർദിയും ബോധക്ഷയവും കടുത്ത അവസ്ഥയിൽ മരണം വരെയും സംഭവിക്കാറുണ്ട്. ചൂടുവല്ലാതെ കൂടി നിൽക്കുമ്പോൾ ഇടയ്ക്ക് മഴ ലഭിക്കും. എന്നാൽ, നിലവിൽ അതിനുള്ള സാധ്യതയില്ല.
വിവിധ സ്ഥലങ്ങളിൽ ഫെബ്രുവരിയിൽ അനുഭവപ്പെട്ട കൂടിയ ചൂടും വർഷവും നോക്കാം
ആലപ്പുഴ-38.0 (2020)
കണ്ണൂർ-38.8 (2016)
കരിപ്പൂർ-37.5 (2019)
കോഴിക്കോട്-37.6 (2016),
മിനിക്കോയ്-34.4 (2024)
തിരുവനന്തപുരം-37.4 (2024)
കോട്ടയം-38.5 (2024)
പാലക്കാട്-40.0 (1981)
പുനലൂർ-40.1 (1975)
വെള്ളാനിക്കര-39.7 (2017)
വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ചത്തെ ചൂട് ഇങ്ങനെ
കണ്ണൂർ-34.3
കരിപ്പൂർ-34.1
കോഴിക്കോട്-35.6
മിനിക്കോയ്-32.2
തിരുവനന്തപുരം-34.4
കോട്ടയം-35.6
പാലക്കാട്-35.5
പുനലൂർ-36.4
വെള്ളാനിക്കര-36.5.
പിന്നിൽ കാലാവസ്ഥാമാറ്റം
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണ് അന്തരീക്ഷ ഊഷ്മാവിലെ വർധനവ്. ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ കേരളത്തിൽ ചൂട് വർദ്ധിക്കുമെന്ന് നീതാഗോപാൽ പറഞ്ഞു. (ഡയറക്ടർ, തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രം.)