kerala weather 16/12/24 : കേരളത്തിൽ താൽക്കാലികമായി തണുപ്പെത്തി, കാരണം അറിയാം
ഡിസംബർ മാസം പകുതി പിന്നിട്ട ശേഷം കേരളത്തിൽ ഈ വർഷം ഇതാദ്യമായി തണുപ്പെത്തി. ന്യൂനമർദ്ദങ്ങളുടെ സ്വാധീനം ആകന്നതോടെയാണ് കേരളത്തിൽ സ്വാഭാവികമായും ഡിസംബറിൽ എത്തേണ്ട തണുപ്പ് എത്തിയത്. ഇന്നലെ രാവിലെ മുതൽ പടിഞ്ഞാറൻ കാറ്റിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനം കേരളത്തിൽ കുറഞ്ഞിരുന്നു. ഉത്തരേന്ത്യയിൽ സജീവമായ ശൈത്യകാലത്തിന്റെ ഭാഗമായുള്ള തണുപ്പ് കേരളത്തിലേക്കും എത്തുകയായിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദ്ദത്തെ തുടർന്ന് കിഴക്കൻ കാറ്റിന്റെ ശക്തി കുറഞ്ഞതും അറബിക്കടലിൽ കഴിഞ്ഞ ദിവസം എത്തിയ ന്യൂനമർദ്ദം (low pressure area – LPA) തീരത്തുനിന്ന് അകന്ന് ദുർബലപ്പെട്ട് ചക്രവാത ചുഴി (Cyclonic Circulation – CC) രൂപപ്പെട്ടതോടെയും മേഘങ്ങൾ അവിടെ കേന്ദ്രീകരിച്ചതും മൂലം പടിഞ്ഞാറൻ കാറ്റും കേരളത്തിലേക്ക് പ്രവേശിക്കുന്നത് കുറഞ്ഞു.
പശ്ചിമവാത സ്വാധീനം
ഇതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ശീത കാറ്റിന് കേരളത്തിലേക്കെത്താനുള്ള സാഹചര്യം ഒരുങ്ങി. ഇതാണ് ശൈത്യം അനുഭവപ്പെടാനുള്ള കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ പശ്ചിമവാതം (western disturbance -WD) സജീവമായിരുന്നു. മധ്യധരണ്യാഴിയിൽ ( Mediterranean Sea ) നിന്നും തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയുടെ വടക്കൻ മേഖലയിൽ എത്തുന്ന ശൈത്യ കാറ്റാണ് പശ്ചിമ വാതം അഥവാ WD.
ഉത്തരേന്ത്യയിലെ തണുപ്പ് തെക്കോട്ടും
ഈ കാറ്റ് ഇന്ത്യയിൽ എത്തിയ ശേഷം ഹിമാലയൻ മലനിരകളിൽ തട്ടി ഇന്ത്യക്ക് പുറത്തേക്ക് പോകാനാകാതെ ഉത്തരേന്ത്യ വ്യാപിക്കും. ഈ സമയം കാശ്മീരിലും മറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകും. ഉത്തരേന്ത്യയിൽ നിന്ന് കുറെ ഭാഗം മഹാരാഷ്ട്ര കർണാടക വഴി തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും എത്തും. ഉത്തരേന്ത്യയിൽ ശീത തരംഗം (cold wave ) അനുഭവപ്പെടുമ്പോഴും കേരളത്തിൽ തണുപ്പ് കൂടുന്നതിന്റെ കാരണം ഇതാണ്.
തുലാവർഷം ദുർബലം
കേരളവും തമിഴ്നാടും ഉൾപ്പെടുന്ന തെക്കേ ഇന്ത്യയിൽ ഇപ്പോൾ തുലാവർഷക്കാറ്റിന്റെ സീസൺ ആണ്. സാധാരണ തുലാവർഷക്കാറ്റ് ദുർബലമായ ശേഷമാണ് ഉത്തരേന്ത്യയിൽ നിന്നുള്ള ശൈത്യക്കാറ്റ് എത്തുന്നത്. വരാനിരിക്കുന്ന ന്യൂനമർദ്ദത്തിന്റെ ഭാഗമായി കിഴക്കൻ കാറ്റ് ശക്തിപ്പെട്ടാൽ കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പ് കുറയുകയും ചെയ്യും.
ശീതകാല മഴ
ഡിസംബർ 31 വരെയാണ് തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കുക. തുടർന്ന് ലഭിക്കുന്ന മഴ ശീതകാല മഴയായാണ് അറിയപ്പെടുന്നത്. വടക്കു കിഴക്കൻ മൺസൂൺ വിടവാങ്ങിയ ശേഷം കേരളത്തിൽ ശൈത്യം ശക്തിപ്പെടാൻ ആണ് സാധ്യത. മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ 0 ഡിഗ്രി വരെ താപനില താഴേക്കും.
ഉത്തരേന്ത്യയിൽ ശൈത്യ തരംഗം
ഉത്തരേന്ത്യയിലും തണുപ്പ് ശക്തിപ്പെടും. ബംഗളൂരുവിൽ എത്തിയ തണുപ്പാണ് ഇന്നലെ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭാഗങ്ങളിലേക്ക് പ്രവേശിച്ചത്. വയനാട് ഉൾപ്പെടെയുള്ള കേരളത്തിൻറെ കിഴക്കൻ മേഖലകളിലും നീലഗിരി കോയമ്പത്തൂർ ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ മേഖലകളിലും ആണ് എന്ന് കൂടുതലും തണുപ്പ് അനുഭവപ്പെട്ടത്.
കേരളത്തിൽ 10 ഡിഗ്രിക്ക് താഴെ
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരപ്രദേശങ്ങളിൽ താരതമ്യേന ചൂട് കൂടുതലാണ്. ഇടുക്കിയിലെ കുണ്ടള ഡാമിൽ ഇന്ന് കുറഞ്ഞ താപനില 7.8 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിലെ തെന്മലയിൽ 2.2 ഡിഗ്രിയും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഡാറ്റയിൽ പറയുന്നു. തീരദേശങ്ങളിൽ 25 ഡിഗ്രി വരെയാണ് രാത്രികാല താപനില അനുഭവപ്പെടുന്നത്. എന്നാൽ കേരളത്തിൽ ഇടനാട് പ്രദേശങ്ങളിൽ 23 – 20 ഡിഗ്രിയിലേക്ക് താപനില താഴ്ന്നു.