kerala weather 16/11/24: മഴ നാളെ മുതൽ ദുർബലമാകും
കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഭിക്കുന്ന ലഭിക്കുന്ന മഴ നാളെ മുതൽ ദുർബലമാകും. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴക്ക് കാരണം. ഇതോടൊപ്പം കഴിഞ്ഞദിവസം കേരളതീരത്ത് ലക്ഷദ്വീപിനും കൊച്ചിക്കും ഇടയിലായി ഒരു ചക്രവാത ചുഴിയും രൂപപ്പെട്ടിരുന്നു. ഇത് ഇപ്പോൾ ദുർബലമായിട്ടുണ്ട്.
ശ്രീലങ്കക്ക് സമീപം നേരത്തെ രൂപപ്പെട്ട ചക്രവാതചുഴി കഴിഞ്ഞദിവസം ന്യൂനമർദ്ദം ആവുകയും തുടർന്ന് ശക്തി കുറഞ്ഞ് വീണ്ടും ചക്രവാത ചുഴിയായി മാറുകയും ചെയ്തിരുന്നു. ഇത് ഇപ്പോഴും അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലെ കാറ്റിനെ സ്വാധീനിക്കുന്നുണ്ട്.
ദുർബലമായിരുന്ന തുലാവർഷക്കാറ്റ് നേരിയ തോതിൽ തമിഴ്നാട്ടിലും കേരളത്തിലും സജീവമായതിന്റെ കാരണം ഇതാണ്. ഇന്നും കേരളത്തിൽ ഇതിൻ്റെ സ്വാധീനം ഉണ്ടാകുകയും മഴ ലഭിക്കുകയും ചെയ്യും. വൈകുന്നേരങ്ങളിൽ കിഴക്കൻ മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും ശക്തമായ ഇടിയോടുകൂടെയുള്ള മഴക്കാണ് സാധ്യത.
ഇന്നലെ കോഴിക്കോട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. നിലമ്പൂരിൽ രണ്ടര മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇന്നലെയും ഇന്നും മഴയേക്കാൾ ശക്തമായ ഇടിമിന്നലാണ് പ്രതീക്ഷിക്കേണ്ടത്. അതിനാൽ വൈകുന്നേരങ്ങളിലും രാത്രിയിലും മിന്നൽ ജാഗ്രത പാലിക്കണം.
നാളെ മുതൽ കേരളത്തിലെ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. ഒരാഴ്ചയെങ്കിലും മഴ കുറഞ്ഞു നിൽക്കാനാണ് സാധ്യത. തുലാവർഷം ഡിസംബർ വരെയുള്ള മാസങ്ങളിൽ കേരളത്തിൽ ലഭിക്കും. സാധാരണ തുലാവർഷം തെക്കൻ കേരളത്തിൽ കൂടുതലും വടക്കൻ കേരളത്തിൽ കുറവുമാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ വടക്കൻ ജില്ലകളിലാണ് തുലാവർഷം കൂടുതലായി ലഭിച്ചത്. ന്യൂനമർദ്ദം പോലുള്ള അന്തരീക്ഷ പ്രതിഭാസങ്ങളാണ് ഇതിനു കാരണം.
ഇന്ത്യയിൽ മഴ ശക്തിപ്പെടുത്താനുള്ള മറ്റു കാലാവസ്ഥ ഘടകങ്ങൾ ഒന്നും നിലവിലില്ലാത്തതിനാൽ തെക്കൻ സംസ്ഥാനങ്ങളിലെ തുലാവർഷം നിലവിലുള്ള രീതിയിൽ ലഭിക്കും. ഉത്തരേന്ത്യയിൽ ജെറ്റ് സ്ട്രീം പ്രതിഭാസം ദൃശ്യമാണ്. അതിനാൽ മഴയുടെ അളവിൽ കുറവുണ്ടാകുമെങ്കിലും ശൈത്യം കൂടാൻ സാധ്യതയുണ്ട്. ഡൽഹിയിൽ പുകമഞ്ഞും മോശം വായു നിലവാരവും തുടരും. കേരളത്തിൽ പകൽ ചൂട് കൂടും. വടക്കൻ ജില്ലകളിലാണ് പകൽ താപനില വർദ്ധിക്കുക. നവംബർ മാസത്തിൽ 36 ഡിഗ്രി വരെ ചൂട് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.