kerala weather 14/02/24: മൂന്നാറിൽ തണുപ്പ്, തൃശൂരിൽ പൊടി ചുഴലി: പലയിടത്തും പകൽ ചുട്ടുപൊള്ളുന്നു
ഫെബ്രുവരി പകുതിയായിട്ടും മൂന്നാറിലെ പ്രഭാതം തണുത്തു വിറച്ചു തന്നെ തുടരുന്നു. ഇന്നലെ ചെണ്ടുവര എസ്റ്റേറ്റിൽ താപനില വീണ്ടും മൈനസ് ഒന്ന് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെ ചെണ്ടുവരയിൽ പൂജ്യം ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്. ഒരാഴ്ച മുൻപും ചെണ്ടുവരയിൽ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തി. മൂന്നാറിന് തൊട്ടടുത്തുള്ള ലക്ഷ്മി, ചൊക്കനാട് എന്നിവിടങ്ങളിൽ പൂജ്യമായിരുന്നു താപനില രേഖപ്പെടുത്തിയത്.
സൈലന്റ് വാലിയിൽ രണ്ടും ദേവികുളത്ത് ഒന്നും ഉപാസി, നല്ലതണ്ണി, മൂന്നാർ ടൗൺ, സെവൻമല എന്നിവിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസുമായിരുന്നു വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനിലയെന്ന് imd. മൈനസ് ഒന്നിലെത്തിയതിനെത്തുടർന്ന് ചെണ്ടുവര എസ്റ്റേറ്റിലെ പുൽമേടുകളിൽ മഞ്ഞു പുതഞ്ഞു.
![](http://metbeatnews.com/wp-content/uploads/2025/02/Summer-Heat-Waves.webp)
ചൂട് തുടങ്ങിയതിന്റെ മുന്നറിയിപ്പ്
പതിനാല് ജില്ലകളിലും രാവിലെ തണുപ്പും പിന്നീട് ചൂട് കൂടുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിൽ. വ്യാഴാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തൃശൂർ വെള്ളാനിക്കരയിലാണ് (36.9 °c). അതേസമയം ബുധനാഴ്ച തൃശൂർ അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പൊടിചുഴലി രൂപപ്പെട്ടിരുന്നു. ഇത് ചൂട് കൂടിയതിന്റെ ലക്ഷണമാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് എറണാകുളത്തെ ഉദയംപേരൂർ നടക്കാവിലും സമാനപ്രതിഭാസം രൂപപ്പെട്ടിരുന്നു.