kerala weather 09/04/25: ന്യൂനമർദ്ദം well marked low pressure ആയി; കേരളത്തിൽ ഒറ്റപ്പെട്ട മഴ
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വീണ്ടും ഇന്നലെ ശക്തിപ്പെട്ടെങ്കിലും കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത കുറയുകയാണ്. ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് വെച്ച് ന്യൂനമർദ്ദം well marked low pressure (WML) ആയി. ഇനി ന്യൂനമർദ്ദം ശക്തിപ്പെടാനുള്ള സാധ്യത കുറവാണ്.
നിലവിൽ ന്യൂനമർദ്ദം ഒഡീഷയുടെ തീരത്തുനിന്ന് ബംഗാൾ ഭാഗത്തേക്കാണ് നീങ്ങുന്നത്. ന്യൂനമർദ്ദം ബംഗാൾ ഭാഗത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി അറബിക്കടലിൽ ഉണ്ടാവുന്ന pull എഫക്ട് മഴയാണ് കേരളത്തിൽ ലഭിക്കുക. ന്യൂനമർദ്ദം പിൻവാങ്ങുമ്പോൾ അറബി കടലിൽ ഉണ്ടാവുന്ന ഒറ്റപ്പെട്ട മേഘങ്ങൾ മൂലം ലഭിക്കുന്ന മഴയാണിത്. അതിനാൽ തന്നെ ഒറ്റപ്പെട്ട മഴയല്ലാതെ തുടർച്ചയായി ഒരു മഴക്കുള്ള സാഹചര്യം നിലവിൽ കേരളത്തിൽ ഇല്ല. അതിനാൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ മാത്രം പ്രതീക്ഷിക്കുക.
അതേസമയം വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഉഷ്ണതരംഗം നാളെ മുതൽ കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.
അതേസമയം, ഇന്ന് അസമിലും മേഘാലയയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഈ മാസം 12 വരെ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും, ഇടിമിന്നലും, നേരിയതോതിൽ നിന്നുള്ള മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ദക്ഷിണേന്ത്യയിൽ, ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഈ അവസ്ഥ നിലനിൽക്കും.