Kerala Weather 07/03/24 : ഇന്ന് ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
കേരളത്തിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ചൂട് തുടരുന്നതിനൊപ്പം തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യതയും കൂടുതലാണ്.
ഇന്ന് (2024 മാർച്ച് 7) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയുടെ ബുള്ളറ്റിനിൽ പറയുന്നത്. ,
ഇന്ന് സംസ്ഥാനത്ത് സാധാരണയേക്കാൾ 2 മുതൽ 3 °C വരെ പകൽ താപനില കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും അടുത്ത നാല് ദിവസവും കേരളത്തിൽ എവിടെയും മഴ സാധ്യതയില്ല എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതർ പറഞ്ഞു.
മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റിൽ മഴക്ക് സാധ്യത ഉണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിനെ നിരീക്ഷണം. ഏതാനും പ്രദേശങ്ങളിൽ നേരിയ ചാറ്റൽ മഴ ലഭിച്ചേക്കാം. ഇടുക്കി ഹൈറേഞ്ച്, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ തീരദേശങ്ങൾ എന്നിവിടങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കാനും സാധ്യതയുണ്ട്.
കേരളതീരത്ത് ഇന്ന് രാത്രി 11 30 വരെ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. 0.6 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലയാണ് പ്രതീക്ഷിക്കേണ്ടത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിൽ ഇറങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കുക.