Kerala weather 03/05/25: തകർത്തു പെയ്ത വേനൽ മഴയിൽ നിരവധി നാശനഷ്ടം, മിന്നലേറ്റ് ഒരു മരണം

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ കനത്ത നാശനഷ്ടം. മരം ഒടിഞ്ഞുവീണും ഇടിമിന്നലിലും വൈദ്യുതിബന്ധം വ്യാപകമായി തകരാറിലായിരുന്നു. റോഡുകളിൽ വെള്ളക്കെട്ടായതോടെ ഗതാഗത തടസ്സവും നേരിട്ടു.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയത് തീവണ്ടി ഗതാഗതത്തെ ബാധിച്ചിരുന്നു. യാത്രക്കാരും ബുദ്ധിമുട്ടിലായി .

കിഴക്കേക്കോട്ടയിൽ 7.2 സെന്റീമീറ്ററും വെള്ളായണിയിൽ 8.9 സെന്റീമീറ്ററും കാട്ടാക്കട പ്ലാവൂരിൽ 12.4 സെന്റീമീറ്ററിലും മഴ രേഖപ്പെടുത്തിയിരുന്നു. 5.4 സെന്റീമീറ്റർ മഴയാണ് രാത്രി ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ രേഖപ്പെടുത്തിയത്.

മലയോര മേഖലയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വെള്ളിയാഴ്ച വൈകീട്ട് 10 സെന്റീമീറ്റർ ഉയർത്തിയിരുന്നു.

കഴക്കൂട്ടം വിഴിഞ്ഞം ബൈപ്പാസിൽ പലയിടത്തും വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സം നേരിട്ടു. വെള്ളം കെട്ടിയത് സർവീസ് റോഡുകളിലാണ്. തമ്പാനൂർ, ചാല, വഞ്ചിയൂർ, ഗൗരീശപട്ടം, ശ്രീകണ്ഠേശ്വരം, മരുതംകുഴി, മണക്കാട്, എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.

ചാലയിൽ സ്മാർട്ട് സിറ്റി പണി നടക്കുന്ന റോഡുകളിലെ കടകളിലും കെട്ടിടങ്ങളിലും വെള്ളം കയറുകയും ചെയ്തു.

നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു. കുടപ്പനക്കുന്ന്, നാലാഞ്ചിറ, നന്തൻകോട് ക്ലിഫ് ഹൗസ് പരിസരം, കവടിയാർ, വലിയവിള, കമലേശ്വരം, മുടവൻമുകൾ, തിരുമല, ചാലക്കുഴി റോഡ്, കൈമനം, തിരുവല്ലം എന്നിവിടങ്ങളിൽ റോഡിലേക്കും കെട്ടിടങ്ങളുടെ മുകളിലേക്കും മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ടായിരുന്നു.

അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കെഎസ്ഇബി തൂണുകളിലും ലൈനുകളിലും വീണ മരച്ചില്ലകൾ മുറിച്ചുമാറ്റി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി അധികൃതർ.

വൈദ്യുത ലൈനുകൾ പൊട്ടി

വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും മിന്നലിലും വിഴിഞ്ഞം കെഎസ്ഇബിയുടെ പരിധിയിലുള്ള നിരവധിയിടങ്ങളിൽ മരങ്ങൾവീണ് വൈദ്യുത ലൈനുകൾ പൊട്ടി പോയി. മുട്ടയ്ക്കാട്, കോളിയൂർ സൊസൈറ്റി, പനങ്ങോട്, വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിനു സമീപം ആശാരിവിള എന്നിവിടങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ തകരാറിലായത്. തുടർന്ന് ഈ മേഖലയിലെ വൈദ്യുതബന്ധം താത്‌കാലികമായി വിച്ചേദിക്കുകയും ചെയ്തു. വിഴിഞ്ഞം ഹാർബർ റോഡിൽ മിന്നലേറ്റ് നിസാമുദീന്റെ വീട്ടിലെ വൈദ്യുത മീറ്ററിന് തീപിടിച്ചു.

മിന്നലേറ്റ് യുവാവ് മരിച്ചു

വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരണപ്പെട്ടു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി- ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മിന്നലേറ്റ് മരിച്ചത്. രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിലാണ് അപകടം ഉണ്ടായത്. വീടിനു മുന്നിൽ ഇരിക്കവേയാണ് രാജേഷിന് ഇടിമിന്നലേറ്റത്.

അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം സംഭവിച്ചില്ല.

ശക്തമായ മിന്നലിൽ സമീപത്തെ മറ്റൊരു വീട്ടിലെ വയറിങ് മുഴുവനായി കത്തി നശിക്കുകയും ചെയ്തു. ചരുവിള വീട്ടിൽ സന്തോഷിന്റെ വീട്ടിൽ മിന്നൽ പതിച്ചെങ്കിലും വീട്ടിലുള്ളവർക്ക് അപകടം സംഭവിച്ചില്ല.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

metbeat news

Tag:Kerala weather 03/05/25: Heavy summer rains cause many damages, one death due to lightning

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.