kerala weather 02/06/25 : ജൂൺ 10 വരെ മഴ ദുർബലമാകും, കൃഷിപ്പണികൾക്ക് അനുയോജ്യം
കേരളത്തിൽ വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ദുർബലമാകും. ഒരാഴ്ച മഴ കുറയാനാണ് സാധ്യത. എന്നാൽ ഇന്ന് പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കും. രാത്രി വൈകിയും പുലർച്ചെയുമായി മഴ പ്രതീക്ഷിക്കാം. ഇന്ന് രാവിലെയും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. സാധാരണ മഴയാണ് എല്ലായിടത്തും ലഭിച്ചത്. മൺസൂണിന്റെ ഭാഗമായി സാധാരണ മഴ പതിവുള്ളതാണ്.
അന്തരീക്ഷ ഘടകങ്ങൾ ഇല്ല
കേരളത്തിൽ പ്രത്യേകിച്ച് അന്തരീക്ഷ ഘടകങ്ങൾ ഒന്നും കാലാവസ്ഥയെ ബാധിക്കുന്നില്ല. നേരത്തെ രണ്ട് ന്യൂനമർദ്ദങ്ങൾ ഉണ്ടായത് പൂർണ്ണമായും ദുർബലമായി. ഇതിൻ്റെ സ്വാധീനം മൂലമായിരുന്നു കഴിഞ്ഞയാഴ്ച കേരളത്തിൽ അതിശക്തമായ മഴ തുടർന്നത്. പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റും മഴയും ആയിരുന്നു കഴിഞ്ഞ ആഴ്ചകളിൽ കേരളത്തെ ഭീതിപ്പെടുത്തിയത്.

നിലവിൽ അത്തരം സാഹചര്യങ്ങൾ ഒന്നും ഇല്ല. അതിനാൽ നാളെ മുതൽ മഴ കൂടുതൽ കുറയാനാണ് സാധ്യത. ജൂൺ 10 വരെ വെയിലുള്ള ദിനങ്ങൾ ആയിരിക്കും. അതിനാൽ, പുറം പണികൾ, കൃഷിപ്പണികൾ തുടങ്ങിയവ ഈ സമയം ചെയ്യാൻ കഴിയും. ജൂൺ 13നകം ഇത്തരം പണികൾ തീർക്കുന്നതാണ് നല്ലത്. 13ന് ശേഷം വീണ്ടും മഴ സജീവമാകാൻ സാധ്യതയുള്ളതിനാലാണിത്.
ജൂൺ രണ്ടാം വാരം മുതൽ വീണ്ടും മഴ കനത്തേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. അടുത്തമാസവും (ജൂലൈ) മഴ ശക്തമായിരിക്കും. കേരളത്തിൽ ജൂണിൽ സാധാരണയെക്കാൾ കൂടുതൽ മഴയാണ് മിക്ക കാലാവസ്ഥ ഏജൻസികളും പ്രവചിച്ചത്. എന്നാൽ ഇന്നലെ മുതൽ പെയ്യുന്ന മഴയാണ് കാലവർഷത്തിന്റെ ഭാഗമായി കണക്കിൽ ഉൾപ്പെടുത്തുക.
കാലവർഷം തുടക്കം മഴ കുറവ്
ഇത് പ്രകാരം മഴ 17 ശതമാനം മഴ ഈ കാലവർഷത്തിൽ കുറവാണ്. വരും ദിവസങ്ങളിൽ മഴ കുറയുന്നതോടെ മഴക്കുറവ് 30 ശതമാനത്തിൽ വരെ എത്തിയേക്കാം. തുടർന്ന് മഴ ശക്തമാകുമ്പോൾ ഈ കുറവ് നികത്തപ്പെടുകയും ചെയ്യും. കണക്കുകൾ സാങ്കേതികമായതിനാൽ ആണിത്.

മഴ വിട്ടുനിൽക്കുന്ന ഈ സമയം ഓവുചാലുകളും തോടുകളും മറ്റും ശുചീകരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സമയം കണ്ടെത്താം. യന്ത്രങ്ങൾ ഉപയോഗിച്ച് ഓവുചാലുകളിലെയും മറ്റും മണ്ണ് നീക്കുന്നതാണ് നല്ലത്. ഇത് തുടർന്നുള്ള മഴയിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കും. മഴക്കാലത്ത് ഇടവിട്ട് ഇത്തരം പ്രവർത്തികൾ ചെയ്യാനുള്ള സംവിധാനം ഉണ്ടായാൽ ഒരു പരിധിവരെ നമ്മുടെ നാട്ടിൽ മഴക്കാലത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനാകും.
കാലവർഷത്തെയും കാലാവസ്ഥ വ്യതിയാനം (climate change) ബാധിക്കുന്നതിനാൽ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന രീതിയാണ് ഉണ്ടാവുക. കഴിഞ്ഞ മഴ ഇവൻ്റിൽ തീവ്രമഴ (extreme spell) ലഭിച്ച സാഹചര്യങ്ങൾ കുറവാണ്. ഇതാണ് പ്രാദേശിക പ്രളയത്തിലേക്ക് ( localised flood) നയിക്കാതെ നാടിനെ കാത്തത്. മഴക്ക് ഇടവേളകൾ ലഭിച്ചതും അനുഗ്രഹമായി.
ന്യൂനമർദ സാധ്യത വീണ്ടും
ബംഗാൾ ഉൾക്കടലിൽ ഇനിയും ന്യൂനമർദ്ദങ്ങൾ (low pressure area) രൂപപ്പെടാൻ സാധ്യതയുണ്ട്. മിക്കവാറും ചക്രവാതചുഴികളും ( cyclonic Circulation) ന്യൂനമർദ്ദങ്ങളും ഈ മാസം പകുതിയോടെ രൂപപ്പെട്ടേക്കാം. അത് കാലവർഷക്കാറ്റിനെ (Monsoon Wind) വീണ്ടും ശക്തിപ്പെടുത്തുകയും കേരളത്തിൽ കനത്ത മഴ നൽകുകയും ചെയ്യും. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കണ്ടു അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നത് ദുരന്ത ലഘൂകരണത്തിന് (Mitigation ) ഉപകരിക്കും.
ഇന്ന് പൊതുവേ തെളിഞ്ഞ കാലാവസ്ഥ മിക്ക ജില്ലകളിലും ഉണ്ടാകുമെങ്കിലും വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴ സാധ്യത. നാളെ മുതൽ മഴയുടെ അളവ് കുറയാനും സാധ്യതയുണ്ട്.
Metbeat News
for realtime weather forecast click on metbeat.com
English Summary: Kerala weather 02/06/25: Rain will weak until June 10, suitable for agricultural activities.