kerala weather 15/02/25 : ചൂട് മുന്നോട്ട്, ഹോട് സ്‌പോട്ടായി പാലക്കാട്
ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചതോടെ കേരളത്തില്‍ പകല്‍ താപനില വര്‍ധിച്ചു. ഇന്നലെ പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. മിക്ക ജില്ലകളുടെയും കിഴക്കന്‍ മേഖലയിലും ഇടനാട് പ്രദേശങ്ങളിലും വരും ദിവസങ്ങളിലും ചൂട് സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും ചൂട് കേരളത്തില്‍
ഇന്നലത്തെ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. കഴിഞ്ഞ വര്‍ഷങ്ങളിലും സംസ്ഥാനത്ത് ഫെബ്രുവരിയില്‍ പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് കടന്ന ചരിത്രമുണ്ട്.
ഇന്നും ചൂട് മുന്നോട്ടു തന്നെ
ഇന്നും നാളെയും കേരളത്തില്‍ ചൂട് കൂടി തന്നെ നില്‍ക്കുമെന്നാണ് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലയുടെ തീരദേശം, ആലപ്പുഴ ജില്ലകള്‍ ഒഴികെ മറ്റു പ്രദേശങ്ങളിലെല്ലാം ചൂട് കൂടുന്ന ട്രെന്റാണുള്ളത്.
തീരദേശത്ത് പൊള്ളില്ല
തീരദേശത്ത് കടലില്‍ നിന്ന് കാറ്റ് പ്രവേശിക്കുന്നതിനാല്‍ ചൂടുണ്ടെങ്കിലും പൊള്ളുന്ന അവസ്ഥ കുറവാണ്. എന്നാല്‍ കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും സ്ഥിതി ഇതല്ല.
![](https://metbeatnews.com/wp-content/uploads/2025/02/mmme.webp)
ചൂടിന്റെ ഹോട് പോയിന്റ് പാലക്കാട്
കോഴിക്കോട് മുതല്‍ തെക്കോട്ട് കൊല്ലം വരെ ചൂടിന്റെ ഹോട്ട് പോയിന്റാണ്. മലപ്പുറം ജില്ലയുടെ തീരദേശം ഒഴികെയുള്ള മേഖലയിലും ചൂട് കൂടും. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താപനില ഇന്നും നാളെയും പ്രതീക്ഷിക്കുന്നത്. പാലക്കാട് 40 ഡിഗ്രി വരെ ചൂട് അടുത്ത ദിവസങ്ങളില്‍ മെറ്റ്ബീറ്റ് വെതര്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ എല്ലായിടത്തും താപമാപിനികള്‍ ഇല്ലാത്തതിനാല്‍ രേഖപ്പെടുത്തുന്ന ചൂടായിരിക്കും ഔദ്യോഗികം.
ഫീല്‍ ലൈക് താപനില കൂടുന്നു
അന്തരീക്ഷ താപനിലയേക്കാള്‍ കൂടുതലായിരിക്കും ഫീല്‍ ലൈക് ടെമ്പറേച്ചര്‍ അഥവാ അനുഭവപ്പെടുന്ന താപനില. ഉയര്‍ന്ന ചൂടിനൊപ്പം ഈര്‍പ്പമുള്ള വായുവും ആണ് ഇതിന് കാരണം. അന്തരീക്ഷ ആര്‍ദ്രത കൂടുന്നതിനാല്‍ ചൂട് വരും ദിവസങ്ങളില്‍ അസഹനീയമായിരിക്കുമെന്നാണ് നിരീക്ഷണം. നിങ്ങളുടെ പ്രദേശത്തെ താപനിലയും മറ്റു വിവരങ്ങളും ലൊക്കേഷന്‍ ഇനേബിള്‍ ചെയ്തു നല്‍കിയാല്‍ മെറ്റ്ബീറ്റ് വെതറിന്റെ ഈ ലിങ്ക് വഴി അറിയാനാകും.
ലാനിന രൂപപ്പെട്ടു, പക്ഷേ ചൂട് തുടരും
പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസം രൂപപ്പെട്ടെങ്കിലും ചൂട് തുടരുമെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു. ലാനിനയുടെ രൂപീകരണം അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയായ ക്ലൈമറ്റ് പ്രഡിക്ഷന്‍ സെന്ററും (സി.പി.സി) ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സിയായ ബ്യൂറോ ഓഫ് മീറ്റിയോറോളജിയും സ്ഥിരികരിച്ചിട്ടുണ്ട്. വരുന്ന മെയ് വരെ ലാനിന തുടരും. ഇതിനിടെ കേരളത്തില്‍ വേനല്‍ മഴക്ക് ലാനിന അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.