Kerala summer rain 12/05/24: ജനങ്ങൾക്കും കെഎസ്ഇബിക്കും ആശ്വാസമായി കേരളം മുഴുവൻ വേനൽ മഴ; വൈദ്യുതി ഉപയോഗം കുറഞ്ഞു
കേരളം മുഴുവൻ വേനൽ മഴ ലഭിച്ചു തുടങ്ങി. ഇതോടെ വേനൽചൂടിൽ നിന്ന് ജനങ്ങൾക്കൊപ്പം കെഎസ്ഇബിക്കും ആശ്വാസമായി. കേരളത്തിൽ വൈദ്യുതി ഉപയോഗം കുറഞ്ഞു. നൂറു ദശലക്ഷം യൂണിറ്റിന് താഴെയാണ് നിലവിൽ വൈദ്യുതി ഉപയോഗം. 100 യൂണിറ്റിന് താഴെ തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വൈദ്യുതി ഉപയോഗം എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞിട്ടുണ്ട്.
എന്നാൽ പിക്ക് ആവശ്യകത ഉയർന്ന് നിൽക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷനുകളിൽ വൈദ്യുത നിയന്ത്രണം തുടരാനാണ് സാധ്യത. നിയന്ത്രണം തുടരുമെങ്കിലും വൈദ്യുത നിയന്ത്രണത്തിന്റെ സമയം കുറയ്ക്കാനും സാധ്യതയുണ്ട്. കേരളം മുഴുവൻ വേനൽ മഴ സജീവമായി തുടങ്ങിയതോടെ ചൂട് കുറഞ്ഞത് ആണ് വൈദ്യുത ഉപയോഗം കുറയാൻ കാരണം.
45 85 മെഗാ വാട്ട് വൈദ്യുതിയാണ് ഇന്നലെ ആവശ്യമായി വന്നത്. ആകെ ഉപയോഗം കുറഞ്ഞതിനാൽ മേഖല തിരിച്ചുള്ള നിയന്ത്രണത്തിൽ ഇളവ് ഉണ്ടാകും. ഘട്ടം ഘട്ടമായി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
ഷോളയാര്‍, ഇടമലയാര്‍, പൊന്മുടി, പെരിങ്ങല്‍കുത്ത് ഒഴികെയുള്ള അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. ഇടുക്കി 23.2 മില്ലിമീറ്റര്‍ പമ്പ 48, കക്കി 11, കുണ്ടള 16.2, മാട്ടുപ്പെട്ടി 2, കുറ്റ്യാടി 2, തര്യോട് 1.2, ആനയിറങ്കല്‍ 2, കല്ലാര്‍കുട്ടി 20, ലോവര്‍പെരിയാര്‍ 3, കക്കാട് 54 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
3.776 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തിയിട്ടുണ്ട് . 1281.008 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നുണ്ട് . മൊത്തം സംഭരണ ശേഷിയുടെ 31 ശതമാനം. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 34 ശതമാനം വെള്ളമാണ് ഉള്ളത് .
വേനല്‍ മഴയില്‍ 57 ശതമാനത്തിന്റെ കുറവാണ് നിലവിലുള്ളത് . കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാർച്ച് ഒന്നു മുതൽ മെയ് 11 വരെയുള്ള കണക്കാണിത് . കോട്ടയം ജില്ലയില്‍ മാത്രമാണ് സാധാരണ മഴ രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിലെ മഴക്കുറവ് ഇങ്ങനെ ആലപ്പുഴ 42, കണ്ണൂര്‍ 83, എറണാകുളം 40, ഇടുക്കി 71, കാസര്‍കോഡ് 72, കൊല്ലം 62, കോഴിക്കോട് 89, മലപ്പുറം 84, പാലക്കാട് 54, പത്തനംതിട്ട 37, തിരുവനന്തപുരം 45, തൃശൂര്‍ 64, വയനാട് 51 ശതമാനം മഴ കുറവാണുള്ളത്.
അതേസമയം കേരളത്തിൽ ഇന്നും വേനൽ മഴ തുടരും. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്നും മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്. മെയ് 15 വരെ വിവിധ സ്ഥലങ്ങളിൽ മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS