kerala summer Alert 24: വേനല്‍ പൊള്ളുന്നു , ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് വേനല്‍ പൊള്ളുന്നു . വിവിധ ജില്ലകളില്‍ കടുത്ത ചൂട് സാധാരണയേക്കാള്‍ കൂടുതലാണ്. ചൂട് കൂടിയതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിര്‍ജലീകരണ സാധ്യത കൂടുതലായതിനാല്‍ ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയില്‍ കൊള്ളരുത്. മദ്യപിച്ചവര്‍ക്ക് നിര്‍ജലീകരണതോത് കൂടുതലായിരിക്കും.
സംസ്ഥാനത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന കൊല്ലത്തും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ജനുവരി 23 മുതലുള്ള ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്താണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പുനലൂരില്‍ റെക്കോര്‍ഡ് ചൂട്
ചില ദിവസങ്ങളില്‍ ചില കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകളില്‍ ശരാശരിയേക്കാള്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം ജനുവരി 30 ന് രാജ്യത്ത് സമതലപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലായിരുന്നു. (37.6°C).
തീപിടിത്തം ശ്രദ്ധിക്കണം
സംസ്ഥാനത്ത് ജനുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇത്. ഇനി വരുന്ന ദിവസങ്ങളിലും ചൂട് കൂടാന്‍ തന്നെയാണ് സാധ്യത.
ഉയര്‍ന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയില്‍ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍, മാലിന്യ കൂമ്പാരങ്ങള്‍ എന്നിവയ്ക്ക് തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ അഗ്‌നിബാധകള്‍ക്ക് സാധ്യത കൂടുതലാണ്.
സംസ്ഥാനത്ത് കാട്ടുതീ സാധ്യത കൂടുതലുള്ളതും ജനുവരി അവസാനം മുതല്‍ മെയ് ആദ്യം വരെയുള്ള കാലയളവിലാണ്.
ജലക്ഷാമം രൂക്ഷമാകുന്നു
വരുന്ന വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഗാര്‍ഹികവും വ്യക്തിഗതവുമായ ജലവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവ രണ്ടും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായുള്ള ചില നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു
ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
- വീടുകളിലെ വാഷ് ബേസിനുകള്‍, ടോയ്‌ലറ്റുകള്‍, മറ്റ് പൈപ്പുകള്‍ എന്നിവയില്‍ ചോര്‍ച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക.
- കുളിമുറികളില്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാന്‍ പരിമിതമായ അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക.
- പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പില്‍ വെള്ളമെടുത്ത് ഉപയോഗിക്കുക.
- ഫ്‌ളഷ് ടാങ്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രിതമായ അളവില്‍ ആവശ്യത്തിന് മാത്രം വെള്ളം ഫ്‌ളഷ് ചെയ്യുക.
- സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക.
- തുണി അലക്കുമ്പോഴും അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴും പൈപ്പുകള്‍ തുറന്നിടാതിരിക്കുക.
- വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ അനുവദിനീയമായ പരമാവധി അളവില്‍ വസ്ത്രങ്ങള്‍ നിറച്ച് മാത്രം ഉപയോഗിക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ പൈപ്പ് തുറന്നിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാന്‍ ഉപയോഗിക്കുക.
- ചെടികള്‍ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലില്‍ ചെടികള്‍ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാന്‍ കാരണമാകും.
- വാഹനങ്ങള്‍ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോള്‍ ഹോസ് ഉപയോഗിക്കാതെ ബക്കറ്റില്‍ വെള്ളം നിറച്ച് കഴുകുക.
- തുള്ളിനന, ചകിരി ട്രഞ്ച്, മള്ച്ചിങ് രീതി, സ്പ്രിംഗ്‌ളര്, തിരിനന തുടങ്ങി ജലഉപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചനരീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക.
അഗ്‌നിബാധ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
- വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക.
- ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാന്‍ പാടില്ല.
- തീ പൂര്‍ണമായും അണഞ്ഞു എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നും മാറാന്‍ പാടുള്ളൂ. ആവശ്യമെങ്കില്‍ വെള്ളം നനച്ച് കനല്‍ കെടുത്തുക.
- തീ പടരാന്‍ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകള്‍ കത്തിക്കാതിരിക്കുക.
- രാത്രിയില്‍ തീയിടാതിരിക്കുക
- വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
- പറമ്പുകളിലെ ഉണങ്ങിയ പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ വേനല്‍ കടുക്കുന്നതിന് മുന്‍പ് വെട്ടി വൃത്തിയാക്കുക.
- ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേര്‍ന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
- സിഗരറ്റുകുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
- തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
- ശാരീരിക ക്ഷമതയും പ്രാപ്തിയുമുള്ളവര്‍ സമീപത്തുണ്ടെങ്കില്‍ മരച്ചില്ലകള്‍ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താന്‍ ശ്രമിക്കുക.
- സഹായം ആവശ്യമെങ്കില്‍ എത്രയും പെട്ടെന്ന് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുക.
- ഫയര്‍ സ്റ്റേഷനില്‍ വിളിക്കുമ്പോള്‍ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാല്‍ കിട്ടുന്ന മൊബൈല്‍ നമ്പറുകളും കൃത്യമായി കൈമാറുക.
- മുതിര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം എമര്‍ജന്‍സി നമ്പറുകളായ 101 (ഫയര്‍ ഫോഴ്‌സ്), 112 (പോലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.
- വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യങ്ങളില്‍ നല്‍കേണ്ടതുണ്ട്.
- ക്യാമ്പ് ഫയര്‍ പോലുള്ള പരിപാടികള്‍ നടത്തുന്നവര്‍ തീ പടരാനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കേണ്ടതാണ്.
- ബോധപൂര്‍വം തീപിടിത്തത്തിന് ഇടവരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
പകല്‍സമയം പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയം പരമാവധി പുറംജോലികള്‍ ഒഴിവാക്കുക. തൊഴില്‍ വകുപ്പ് ജോലിസമയം പുനഃക്രമീകരിക്കുന്നത് തൊഴിലാളികളും തൊഴിലുടമകളും കര്‍ശനമായി പാലിക്കുക.
- പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യുക. ജോലി സ്ഥലത്ത് കുടിവെള്ളലഭ്യത തൊഴിലുടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്.
- കട്ടികുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചൂട് കാലത്ത് അഭികാമ്യം. കൈ ഉള്‍പ്പെടെ പൂര്‍ണ്ണമായും മൂടുന്നതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
4.സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സണ്‍ ഗ്ലാസ്/ കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍നിന്നും സംരക്ഷണം നല്‍കും.
- ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകള്‍, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കുക.
- കെട്ടിട, റോഡ് നിര്‍മാണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ട്രാഫിക് പോലീസുകാര്‍, പോസ്റ്റുമാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇ കോമേഴ്‌സ് പാര്‍സല്‍ വിതരണക്കാര്‍, കളക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി പുറംജോലികളില്‍ ഏര്‍പ്പെടുന്ന എല്ലാവരും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
- ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളിലേക്ക് കൂടി ഈ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുക.
പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോള്‍ഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.
കൊല്ലം ജില്ലാ കണ്‍ട്രോള്‍ റൂം
ലാന്‍ഡ് ലൈന്‍ : 04742794002, 2794004
മൊബൈല്‍ (വാട്ട്‌സാപ്പ്) : 9447677800
ടോള്‍ ഫ്രീ നമ്പര്‍ : 1077, 04741077
താലൂക്ക് കണ്‍ട്രോള്‍ റൂം
കരുനാഗപ്പള്ളി : 04762620233
കുന്നത്തൂര്‍ : 04762830345
കൊല്ലം : 04742742116
കൊട്ടാരക്കര : 04742454623
പത്തനാപുരം : 04752350090
പുനലൂര്‍ : 04752222605