ഇത് തുലാവർഷമല്ല
കേരളത്തിൽ ഇന്നു (09/10/23) മുതൽ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടെ മഴ ലഭിക്കുമെങ്കിലും ഇത് തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയല്ല. തുലാവർഷം അഥവാ വടക്കു കിഴക്കൻ മൺസൂൺ (North East Monsoon) തുടങ്ങിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴും കാലവർഷക്കാറ്റ് (sw monsoon wind) പിൻവാങ്ങിയിട്ടില്ല. തുലാവർഷം (ne monsoon) തുടങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇത്തരം വാർത്തകൾക്ക് ശാസ്ത്രീയമായ അടിത്തറയില്ല.
എന്താണ് ഇടിയോട് കൂടെ മഴക്കുള്ള കാരണം ?
തെക്കു പടിഞ്ഞാറൻ മൺസൂൺ (south west monsoon) എന്ന കാലവർഷം കേരളത്തിൽ ഇപ്പോഴും തുടരുകയാണ്. മഴ ഇല്ലെങ്കിലും കാലവർഷക്കാറ്റ് ദുർബലമായെങ്കിലും തുടരുന്നു എന്നാണ് ഇതിനർഥം. പടിഞ്ഞാറൻ കാറ്റ് ദുർബലമാവുകയും കിഴക്കൻ കാറ്റ് പ്രവേശിച്ച് തുടങ്ങുകയും ചെയ്യുമ്പോൾ കാറ്റിന്റെ അഭിസരണം (convergence) മൂലമോ ഗതി മുറിവ് (line of wind discountinuety) മൂലമോ ഇടിയോടു കൂടെയുള്ള മഴ ഉണ്ടാകാറുണ്ട്.
ഋതുമാറ്റ അന്തരീക്ഷ പരിവർത്തനം
ഋതുക്കൾ മാറുന്നതിന് അനുസരിച്ച് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് ട്രാൻസിഷൻ (atmospheric transition) അഥവാ അന്തരീക്ഷ പരിവർത്തനം എന്ന് പറയുന്നത്. അത്തരമൊരു പരിവർത്തന കാലമാണ് ഇപ്പോൾ. വേനൽ അവസാനിച്ചു കാലവർഷം തുടങ്ങുന്നതിന് മുൻപും കാലവർഷം അവസാനിച്ച് തുലാവർഷം തുടങ്ങുന്നതിന് മുൻപും അന്തരീക്ഷത്തിൽ മാറ്റങ്ങൾ സംഭവിക്കും. ഋതുക്കൾ മാറുന്നതിന് ഇടയിലുള്ള ഈ സമയത്തെയാണ് പരിവർത്തന കാലം എന്ന് പറയുന്നത്.
തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്ത് കാറ്റിന്റെ ദിശ കേരളത്തിന് പടിഞ്ഞാറ് നിന്നാകും. ഈ കാറ്റ് അവസാനിച്ച ശേഷമേ തുലാവർഷ കാറ്റായ വടക്കു കിഴക്കൻ കാറ്റിന് പ്രവേശിക്കാൻ കഴിയുകയുള്ളൂ. വടക്കു കിഴക്കൻ കാറ്റ് സജീവമാകുമ്പോഴാണ് തുലാവർഷം എത്തി എന്ന് പറയാനാവുക. മറ്റു മാനദണ്ഡങ്ങളും ഇതിനുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ അന്തരീക്ഷത്തിന്റെ നാല് കിലോമീറ്റർ വരെ ഉയരത്തിൽ പടിഞ്ഞാറൻ കാറ്റാണ് ഉള്ളത്. വടക്കു കിഴക്കൻ കാറ്റ് ബംഗാൾ ഉൾക്കടലിൽ പോലും രൂപപ്പെട്ടിട്ടുമില്ല.
ഇപ്പോൾ പെയ്യുന്ന മഴ തുലാവർഷ കണക്കിൽ
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള നാലു മാസക്കാലം പെയ്യുന്ന മഴയാണ് കാലവർഷത്തിന്റെ കണക്കിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ഉൾപ്പെടുത്തുന്നത്. കാലവർഷം നേരത്തെ എത്തിയാലും (early onset) വരാൻ വൈകിയാലും (delayed onset) നേരത്തെ വിടവാങ്ങിയാലും ( early withdrawal ) വിടവാങ്ങാൻ വൈകിയാലും (delayed withdrawal) ഈ സമയപരിധിയിൽ പെയ്യുന്ന മഴ മാത്രമേ കാലവർഷത്തിന്റെ മഴയായി കണക്കാക്കുകയുള്ളൂ.
പലപ്പോഴും കേരളത്തിൽ കാലവർഷം സമയത്തിന് എത്താറുണ്ടെങ്കിലും സെപ്റ്റംബർ 30ന് വിടവാങ്ങാറില്ല. കാലവർഷം വിടവാങ്ങൽ ഗുജറാത്തിൽ നിന്ന് തുടങ്ങേണ്ടത് സെപ്റ്റംബർ 17 മുതലാണ്. 30 മുതൽ 45 ദിവസം എടുത്താണ് കേരളത്തിൽ നിന്ന് കാലവർഷം സാധാരണ വിടവാങ്ങാറുള്ളത്. അതായത് ഒക്ടോബർ പകുതി കഴിഞ്ഞാണ് പലപ്പോഴും തുലാവർഷം എത്തുന്നത്. എന്നാൽ ഒക്ടോബർ ആദ്യം മുതൽ പെയ്യുന്ന മഴയെല്ലാം തുലാവർഷത്തിന്റെ കണക്കിലാണ് ഔദ്യോഗികമായി ഉൾപ്പെടുത്തുക. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസത്തെ മഴയാണ് തുലാവർഷത്തിന്റെ കണക്കിൽ വരിക.
അപ്പോൾ തുലാവർഷം എന്ന് എത്തും?
ഇത്തവണ തുലാവർഷം ഒക്ടോബർ 19ന് ശേഷം എത്താനാണ് സാധ്യത. Metbeat Weather ന്റെ നിരീക്ഷണ പ്രകാരം ഒക്ടോബർ 19ന് ഇരുപതിനോ തുലാവർഷത്തിന്റെ ഭാഗമായ മഴ തമിഴ്നാട്ടിലും കേരളത്തിലും ലഭിച്ചു തുടങ്ങും. അതുവരെ അന്തരീക്ഷ പരിവർത്തനത്തിന്റെ ഭാഗമായ ഇടിയോടുകൂടിയുള്ള മഴ കേരളത്തിന്റെ കിഴക്കൻ മേഖലയിലും മധ്യ പടിഞ്ഞാറൻ തമിഴ്നാട്ടിലും തെക്കു കിഴക്കൻ കർണാടകയിലും ലഭിക്കും എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
ഇന്ന് (09/10/23) കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങളിൽ ഇടിയോടുകൂടെ മഴക്ക് സാധ്യതയുണ്ട് എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.