ധനുമാസക്കുളിരില്ല, ഡിസംബര്‍ പൊള്ളുന്നു, ചൂട് 38 ഡിഗ്രി കടന്നു
ധനുമാസത്തിലെ കുളിരും മഞ്ഞുപെയ്യുന്ന ഡിസംബറും തണുത്ത പുതുവല്‍സര ദിനവും കാലാവസ്ഥാ വ്യതിയാന കാലത്ത് ഓര്‍മയാകുന്നു. പോയ കാലത്തിന്റെ പ്രതാപത്തിന്റെ കുളിരോര്‍മയില്‍ ഇനിയുള്ള കാലം പുതച്ചുകിടക്കേണ്ടിവരും. ഇന്നത്തെ കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്ന സൂചനയാണിത്. കേരളത്തില്‍ ഡിസംബറില്‍ 38 ഡിഗ്രിവരെ ചൂട് ഇന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു.
വേനലിനേക്കാള്‍ പൊള്ളുന്ന ഡിസംബര്‍
ഡിസംബര്‍ അവസാനത്തില്‍ തന്നെ കേരളത്തില്‍ 38 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്ന് (ഡിസംബര്‍ 30) ന് ചൂണ്ടിയിലെ കാലാവസ്ഥാ മാപിനിയില്‍ 38.4 ഡിഗ്രി താപനില രേഖപ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.
കാസര്‍കോട്, കണ്ണൂര്‍ കൂടുതല്‍ ചൂട്
പാണത്തൂരില്‍ ഇന്ന് 37.6 ഉം കുഡ്്‌ലുവില്‍ 37.5 ും വടക്കന്‍ പറവൂരില്‍ 37.5 ഉം ചെമ്പേരിയില്‍ 37.1 ഉം അയ്യക്കുന്നില്‍ 37 ഡിഗ്രിയും കളമശ്ശേരിയില്‍ 37 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. പിണറായില്‍ 36.4 ഉം മട്ടന്നൂരില്‍ 36.1 ഉം ഡിഗ്രി ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ ഡിസംബറില്‍ തണുപ്പും കുറഞ്ഞിട്ടുണ്ട്. പകല്‍ താപനിലയില്‍ ചൂട് കൂടുതല്‍ രേഖപ്പെടുത്തുകയും ചെയ്തുവെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തണുപ്പ് കുറഞ്ഞു, ചൂട് കൂടി
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാത്രി താപനില ഡിസംബര്‍ 22 വരെ 22 ഡിഗ്രിയില്‍ കൂടിയിരുന്നില്ല. 19 ഡിഗ്രിവരെ താഴുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം ഡിസംബറില്‍ താപനില 23 ഡിഗ്രിക്കും 24 ഡിഗ്രിക്കും ഇടയിലാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 24 ന് 22 ഡിഗ്രിവരെ താഴ്‌ന്നെങ്കിലും ഇന്നത്തോടെ 24 ഡിഗ്രിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാത്രി താപനില 19 ഡിഗ്രിയിലേക്കു കുറഞ്ഞിരുന്നു.
വലിയ അന്തരം അപൂര്‍വം
ഒരു വര്‍ഷത്തിനിടെ താപനിലയില്‍ ഇത്രയും വലിയ ്അന്തരം അപൂര്‍വമാണ്. എല്‍നീനോയുടെ സ്ന്നിധ്യം, അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും വരുത്തിയ അന്തരീക്ഷ പരിവര്‍ത്തന മാറ്റങ്ങള്‍ തുടങ്ങിയവയാണ് ഇത്തവണ തണുപ്പ് കുറയാന്‍ കാരണമെന്ന് മെ്റ്റ്ബീറ്റ് വെതര്‍ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു. തുലാവര്‍ഷക്കാറ്റ് ഇപ്പോഴും വിടവാങ്ങിയിട്ടില്ല. ജനുവരിയിലും തുലാവര്‍ഷം തമിഴ്‌നാട്ടിലും കേരളത്തിന്റെ ചിലഭാഗങ്ങളിലും മഴ നല്‍കും.
തണുപ്പെത്താന്‍ ഇനിയും കാത്തിരിക്കണം
തുലാവര്‍ഷക്കാറ്റ് എന്ന വടക്കുകിഴക്കന്‍ കാറ്റ് വിടവാങ്ങിയ ശേഷമാണ് സാധാരണ ഉത്തരേന്ത്യയില്‍ നിന്നുള്ള ശൈത്യക്കാറ്റ് കേരളത്തിലെത്തുന്നത്. ഇത് വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ സ്വാധീനം ചെലുത്താറുള്ളത്. വയനാട് വഴി വടക്കന്‍ ജില്ലകളിലും തമിഴ്‌നാട് വഴി തെക്കന്‍ ജില്ലകളിലും തണുപ്പെത്തും. ഉത്തരേന്ത്യയില്‍ തണുപ്പ് കൂട്ടുന്ന പശ്ചിമവാതത്തിന്റെ സ്വാധീനവും ഇത്തവണ ദുര്‍ബലമാണ്. ഉത്തരേന്ത്യയില്‍ തണുപ്പ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ തണുപ്പെത്താന്‍ ജനുവരി പകുതിയെങ്കിലും കഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൊള്ളിച്ച് പകല്‍
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പകല്‍ ചൂടിലും വലിയ തോതില്‍ വര്‍ധനവുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 34 ഡിഗ്രിവരെയാണ് പരമാവധി പകല്‍ താപനില എത്തിയിരുന്നത്. ഡിസംബര്‍ 10 നും 12 നും ഇടയില്‍ 28 ഡിഗ്രിവരെ പകല്‍ താപനില കുറയുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഡിസംബര്‍ 14 നും 16 നും ഇടയില്‍ പരമാവധി കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 30 ഡിഗ്രിയാണ്.
കേരളത്തില്‍ ചൂട് സാധാരണയേക്കാള്‍ 3 ഡിഗ്രിയിലധികം
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് സാധാരണയേക്കാള്‍ 3.1 ഡിഗ്രിയിലധികം ചൂടാണ് രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂടില്‍ വ്യതിയാനം രേഖപ്പെടുത്തിയതും കാസര്‍കോടും കണ്ണൂരുമാണ്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഇന്ന് സാധാരണയേക്കാള്‍ 1.6 ഡിഗ്രി മുതല്‍ 3 ഡിഗ്രിവരെ കൂടിയ ചൂട് രേഖപ്പെടുത്തി.
വേനല്‍ക്കാലം പോലെ ഡിസംബര്‍ രാത്രി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഡിസംബര്‍ 30 ന് രാത്രി കേരളത്തില്‍ ചൂടേറുമെന്നാണ് പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 34 ഡിഗ്രിവരെ രാത്രി താപനില പ്രവചിക്കുന്നുണ്ട്. മ്റ്റു ജില്ലകളില്‍ 32 ഡിഗ്രിയുമാണ് പ്രവചിക്കുന്ന രാത്രി താപനില. തമിഴ്‌നാട്ടില്‍ കേരളത്തേക്കാള്‍ രാത്രി താപനില കുറവാണ്. പടിഞ്ഞാറന്‍ തീരത്താണ് രാത്രിയിലും ചൂടിന് ആശ്വാസം ലഭിക്കാത്തത്.
Photo: Madhu Menon