Kerala Rain Live Update: സൊമാലി ജറ്റ് വേഗത കൂടി, കനത്ത മഴയും കാറ്റും തുടരും
കേരള തീരത്ത് സൊമാലി ജെറ്റ് സ്ട്രീം പ്രതിഭാസം ശക്തിപ്പെട്ടതോടെ കനത്ത മഴ തുടരും. ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ തുടര്‍ച്ചയായ മഴ സാധ്യത നിലനില്‍ക്കുന്നു. കേരള തീരത്ത് കാലവര്‍ഷക്കാറ്റിന്റെ (സൊമാലി ജെറ്റ് സ്ട്രീം) വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കി.മി വേഗതയിലാണ്. അറബിക്കടലിലേക്ക് പോകും തോറും കാറ്റിന്റെ വേഗത സമുദ്ര നിരപ്പില്‍ നിന്ന് 600 മീറ്റര്‍ (2000 അടി) ഉയരത്തില്‍ 80 കി.മി വരെ വേഗതയുണ്ട്.
മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍ കുമാറിന്റെ ഭാര്യ മാല (38) വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. സംഭവ സമയം ഇവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്ന് വൈകിട്ട് അഞ്ചിനാണ് അപകടം.
മാലയുടെ മകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് മണ്ണിടിച്ചില്‍, മകനാണ് അയല്‍വാസികളെ വിവരമറിയിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അടുക്കളഭാഗത്ത് മണ്ണിനടിയില്‍ കുടുങ്ങിയ മാലയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാറ്റ് ശക്തമാകും
കേരളത്തില്‍ നാളെയും മഴക്കൊപ്പം കാറ്റ് ശക്തമാകും. വിവിധ ജില്ലകളില്‍ ഇന്ന് കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായി. കൊച്ചി വടുതലയില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍, പയ്യന്നൂര്‍, കാനായി, വള്ളിക്കെട്ട് ഭാഗത്ത് ശക്തമായ കാറ്റില്‍ വൈദ്യുതി വിതരണ ശൃംഖല താറുമാറായി. നാളെ (ബുധന്‍) വൈകിട്ടു മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് വൈദ്യുതി വകുപ്പ് നല്‍കുന്ന വിവരം. ഈ മേഖലയില്‍ നാലു പോസ്റ്റുകള്‍ തകര്‍ന്നു. ലൈനുകളും പൊട്ടിയ നിലയിലാണ്.
ഏറ്റവും കൂടുതൽ മഴ മുന്നാറിൽ
ഇന്ന് രാത്രി 9 വരെയുള്ള കണക്കനുസരിച്ച് മൂന്നാറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഇവിടെ 108 എം.എം മഴ ലഭിച്ചു. ലോവര്‍ ഷോളയാറില്‍ 87 എം.എം, പെരിങ്ങല്‍കുത്ത് 76, കോട്ടയം 74, ഇടലയാര്‍ ഡാം 70, വടവാതൂര്‍ 69, മീങ്കര 63, കുമരകം 60, ചൂണ്ടി 59 എം.എം മഴ റിപ്പോര്‍ട്ട് ചെയ്തു.
ദേവിക്കുളം സ്കൂൾ അവധി
ഇടുക്കി ജില്ലയില്‍ നാളെ രാവിലെ 6 വരെ രാത്രി യാത്ര നിരോധിച്ചു. ദേവിക്കുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26 ന്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂര്‍ണമായും ഇടുക്കി ജില്ലാ കലക്ടര്‍ നിരോധിച്ചു.
ചെറുതോണി കുളമാവ് റൂട്ടില്‍ ചേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടത്തെ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ അഗ്നിരക്ഷാസേന ശ്രമം തുടങ്ങിയിട്ടുണ്ട്. പുളിയന്മല – കുമളി റോഡില്‍ പുറ്റടി മൃഗാശുപത്രിക്ക് സമീപവും റോഡില്‍ മരം വീണ് ഗതാഗതം താറുമാറായി.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കിയില്‍ മണ്ണിടിച്ചില്‍ ജാഗ്രത പുലര്‍ത്താനും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള നഗറുകളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പഴയ മൂന്നാറിലെ സി.എസ്.ഐ ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച ക്യാംപിലേക്കാണ് ഇവരെ താമസിപ്പിച്ചത്. ദേവിക്കുളം സബ് കലക്ടര്‍ വി.എം ജയകൃഷ്ണന്‍ നേതൃത്വം നല്‍കി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.