Kerala heat weather 13/03/25: തെക്കൻ കേരളത്തിൽ 2-3 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താപനിലയിൽ വർദ്ധനവ്
തെക്കൻ കേരളത്തിൽ 2-3 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും താപനിലയിൽ വർദ്ധനവ്. വരും ദിവസങ്ങളിലും കേരളത്തിൽ പൊതുവേ താപനിലയിൽ വർദ്ധനവ് അനുഭവപ്പെടാൻ ആണ് സാധ്യത. വടക്കൻ കേരളത്തിലും ഉയർന്ന താപനില അനുഭവപ്പെടും.
അതേസമയം കേരളത്തിലെ കഴിഞ്ഞ 24 മണിക്കൂറിൽ അൾട്രാവയലറ്റ് സൂചിക പാലക്കാട് ജില്ലയിലെ തൃത്താലയിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും 10 രേഖപ്പെടുത്തി. 11ന് മുകളിലേക്ക് എത്തിക്കഴിഞ്ഞാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പത്തനംതിട്ട കോന്നിയിൽ എട്ടാണ് യു വി ഇൻഡക്സ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് യു വി ഇൻഡക്സ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിലാണ് 3 രേഖപ്പെടുത്തി.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
South Kerala will experience a rise in temperatures after a short break. Anticipate warmer days ahead as heat levels increase throughout the region.