കേരളത്തിൽ കാട്ടുതീ പ്രതിരോധം ഫണ്ടില്ലാതെ പ്രതിസന്ധിയിൽ; ബജറ്റ് ആശ്വാസമാകുമോ?
കാട്ടുതീ പ്രതിരോധിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാൽ കേരളത്തിലെ വനമേഖല കാട്ടു തീ ഭീതിയിൽ. കാടുകളെ കാട്ടുതീയിൽ നിന്നും സംരക്ഷിക്കാനുള്ള പദ്ധതികൾ ഡിസംബർ മുതൽ വനംവകുപ്പ് തു ടങ്ങേണ്ടതായിരുന്നു. ഫണ്ടില്ലാത്തതിനാൽ ഇത്തവണ ജനുവരി കഴിഞ്ഞിട്ടും തുക അനുവദിച്ചിട്ടില്ല.
പാലക്കാട് ജില്ലയിൽ ചിലയിടങ്ങളിൽ ഇ.ഡി.സി, വനവികസന സമിതി എന്നിവയിൽ നിന്നും പണമെടുത്ത് പ്രാഥമിക നടപടികൾ തുടങ്ങിയിട്ടുണ്ട്. പറമ്പിക്കുളം, സൈലന്റ് വാലി, തേക്കടി, എന്നിവിടങ്ങളിലാണ് താൽക്കാലിക പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. ഇക്കോ ടൂറിസത്തിലൂടെ കിട്ടുന്ന വരുമാനമാണ് കാട്ടുതീ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.
എന്നാൽ മിക്കയിടത്തും കാര്യമായ വരുമാനം കിട്ടുന്നില്ലെന്നും അതിനാൽ പദ്ധതി ലക്ഷ്യം കാണുന്നില്ലെന്നും പരാതിയുണ്ട്. ഫയർ വാച്ചർമാരെ നിയമി ക്കുന്നതിനും ഫയർ ലൈൻ നിർമിക്കുന്നതിനും ബോധവൽകരണ പരിപാടികൾക്കുമായാണ് ഫണ്ട് അനുവദിക്കാറുളളത്. ഡിസംബറിന് മുൻപേ ഓരോ ഡിവിഷണിലും നൂറോളം താൽക്കാലിക ഫയർ വാച്ചർമാരെയും നിയമിക്കാറുണ്ട്.
എന്നാൽ ഇതുവരെ നിയമനം നടന്നിട്ടില്ല. ആദിവാസികൾ ഉൾപ്പെടെ അയ്യായിരത്തിലധികം വാച്ചർമാരെയാണ് നിയമിക്കാറുള്ളത്. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ നിയമിക്കാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല. കാട്ടുതീയിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ മരങ്ങൾ നശിക്കുന്നതിന് പുറമേ ജൈവവൈവിധ്യ സമ്പത്തും നശിച്ചുപോകുന്നത് പതിവാണ്.
പ്രധാന വനമേഖലകളിലേക്ക് തീപടരാതിരിക്കണമെങ്കിൽ ഫയർ ലൈനുകൾ നിർമിക്കേണ്ടതുണ്ട്. ഇതിനു തന്നെ ലക്ഷങ്ങൾ വേണ്ടിവരും. ഫണ്ട് കുറവായതിനാൽ ഫയർ ലൈൻ വർക്കുകൾ നാമമാത്രമായി നടത്തി തടിയൂരാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. കാട്ടുതീ ഉണ്ടായാൽ അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചാൽ മാത്രമേ തുടർപ്രവർത്തനം സാധ്യമാകൂ എന്നതാണ് സ്ഥിതി.
ഇപ്പോൾ കേന്ദ്ര ബജറ്റിൽ കേരളം ഉൾപ്പെടെ കാട്ടുതീ തടയാൻ കേന്ദ്ര ബജറ്റിൽ 818.92 കോടിയുടെ പദ്ധതി വന്നത് കേരളത്തിൻ്റെ വനമേഖലക്കും പ്രതീക്ഷയാണ്. കേരളമടക്കം 19 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 144 ജില്ലകളിൽ കാട്ടുതീ നേരിടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 818.92 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ അംഗീകാരം നൽകി.
ദേശീയ ദുരന്ത ലഘൂകരണ നിധി, ദേശീയ ദുരന്തപ്രതികരണ നിധി എന്നിവയിൽ നിന്നായി 690 കോടി രൂപ കേന്ദ്രം നൽകും. ബാക്കി സംസ്ഥാനങ്ങൾ കണ്ടെത്തണം. കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് ഫണ്ട്. കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്.