നൂതന കാർഷിക വിദ്യകൾ ഉപയോഗിച്ചുള്ള കൃഷിരീതി പഠിക്കാൻ ഇസ്രായേൽ സന്ദർശിക്കാൻ കേരള കർഷകർക്കും അവസരം. സംസ്ഥാന കൃഷി വകുപ്പ് ആണ് ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരം ഒരുക്കുന്നത്.
വാട്ടർ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ, ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസിലാക്കി ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താൽപര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ഡിസംബർ 29ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലായ www.aimsnew.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. 10 വർഷത്തിനു മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. മറ്റു മുൻഗണന മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 19 മുതൽ എയിംസ് പോർട്ടൽ വഴി കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്.