അവധിക്കാലം ആഘോഷമാക്കാൻ നമ്മുടെ കോഴിക്കോട്ടേക്ക് ഒരു കൊച്ചു യാത്ര പോയാലോ ? ഏതു സീസണിലും അവസാനിക്കാത്ത കാഴ്ചകളുടെ മനോഹരമായ ദൃശ്യവിരുന്നാണ് ഇവിടെ. ഈ സ്ഥലത്തെ നമുക്ക് മിനി ഗോവ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം . നമ്മുടെ മിനി ഗോവയിലെത്താൻ അധികം ദൂരം ഒന്നും പോകേണ്ട. യാത്രകളെ ഇഷ്ടപ്പെടുന്ന ആർക്കും ആസ്വദിക്കാൻ ഒരുപാട് കാഴ്ചകൾ നിങ്ങളെ അവിടെ കാത്തിരിക്കും .
അവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഗോവയെ വെല്ലുന്ന കിടിലൻ ഒരു ബീച്ചാണ് . കോഴിക്കോട് നിന്ന് 48 കിലോമീറ്റർ ദൂരെ കൊയിലാണ്ടിയും, മൂരാട് പാലവും പിന്നിട്ട് പയ്യോളി ടൗണിലെത്തിയാൽ റെയിൽവേയുടെ രണ്ടാം ഗേറ്റ് കാണാം . അതു കടന്ന് ഇടുങ്ങിയ ഒരു റോഡിലേക്ക് എത്തും. തുടർന്ന് നേരെ യാത്ര ചെയ്ത് കടൽതീരത്തേക്കുള്ള റോഡിലേക്ക് ചെന്നു കയറും. തെങ്ങിൻതോപ്പുകൾക്കിടയിലൂടെ നീണ്ട ഒരു യാത്ര . ഒരു വശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവി പാലവും, പുഴയും കാണാം .
റോഡ് അവസാനിക്കുന്നത് പാർക്കിംഗ് ഏരിയയിലാണ് . അവിടെ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുണ്ട് . കണ്ടൽക്കാടുകൾ നിറഞ്ഞ വഴിയിലൂടെ നേരെ ചെന്നു കയറുന്നത് മനോഹരമായ ബീച്ചിലേക്കാണ് . ഇതാണ് കോഴിക്കോട്ടുകാരുടെ സ്വന്തം കോട്ടപ്പുറം ബീച്ച്. ഈ പേരിന് പിന്നിലും ചെറിയൊരു ചരിത്രം ഉണ്ട് . കുഞ്ഞാലിമരയ്ക്കാരുടെ കോട്ടയുടെ പരിസരം ആയതിനാൽ ആണ് ഈ പേര് വരാൻ കാരണം . ഒരുപാട് സാമ്യമുള്ള ഈ ബീച്ചിന് സഞ്ചാരികൾ നൽകിയ പേരാണ് മിനി ഗോവ എന്ന് . ആമസംരക്ഷണത്തിന് പ്രശസ്തമാണ് കൊളാവി ബീച്ച് .
ഈ പ്രദേശത്ത് കാണുന്ന കണ്ടൽക്കാടുകൾക്കും ചെറിയൊരു കഥ പറയാനുണ്ട്. ആറു വർഷം മുൻപ് കുറ്റ്യാടിപ്പുഴ അറബിക്കടലിനോട് ചേരുന്ന വടകര സാന്‍ഡ്ബാഗ് പ്രദേശത്ത് മത്സ്യ ബന്ധനത്തിനായി കെട്ടിയ പുളിമുട്ട്(കടൽപാലം) കാരണം അഴിമുഖത്തേക്ക് മണൽ കയറുകയും കൊളാവിപ്പാലം പുഴയുടെ അഴിമുഖം മണൽ നിറഞ്ഞ് ഇല്ലാതാവുകയും ചെയ്തു. ഇതു പുഴയെ ദോഷകരമായി ബാധിച്ചു. പുഴയുടെ പ്രകൃതിദത്തമായ ഒഴുക്ക് തടസ്സപ്പെടുകയും അത് പരിഹരിക്കാൻ അഴിമുഖത്തെ മണൽ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. തീരസംരക്ഷണസമിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ കൊളാവി പാലം പുഴയുടെ തീരത്ത് വച്ചുപിടിപ്പിച്ച കണ്ടൽക്കാടുകൾ ആണ് പടർന്നുപന്തലിച്ച് ഇപ്പോൾ പുഴയെ സംരക്ഷിക്കുന്നത്.