kerala, karnataka weather 20/04/24 : കര്‍ണാടകയില്‍ കനത്ത മഴ, വടക്കന്‍ കേരളത്തിലും മഴ സാധ്യത
വരള്‍ച്ചയ്ക്കും കൊടുംചൂടിനും ശേഷം കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ കനത്ത മഴ. വടക്കന്‍ കേരളത്തിലും ഇന്നലെ രാത്രിയിലും വൈകിട്ടുമായി മഴ ലഭിച്ചു. തീരദേശ കര്‍ണാടകയില്‍ ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. പലയിടത്തും ശക്തമായ മഴ ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 2 ന് ശക്തമായ ഇടിമിന്നലോടെയും കാറ്റോടെയും കനത്ത മഴ ലഭിച്ചു. കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ഇന്നലെ അര്‍ധരാത്രിയോടെ മഴ ലഭിച്ചിരുന്നു.
കര്‍ണാടകയില്‍ മൂന്നു ദിവസം ശക്തമായ മഴ
ദക്ഷിണ കന്നഡ, തീരദേശ കര്‍ണാടക, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ മേഘാവൃതമാണ്. ഇന്നലെ പുലര്‍ച്ചെ കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിശക്തമായ ശബ്ദത്തോടെ പുലര്‍ച്ചെ മൂന്നരയ്ക്ക് മിന്നലുണ്ടായതായി ബംഗളൂരുവിലെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ സുഹാന്‍ പറഞ്ഞു. ഇത്രയും ശക്തമായ മിന്നല്‍ തന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ഏപ്രില്‍ 24 വരെ ഇടിയോടെ ശക്തമായ മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ചിക്കബല്ലപൂര്‍, ചിക്കമംഗളൂരു, ചിത്രദുര്‍ഗ, ദേവനാഗരി, ഹാസന്‍, കൊഡക്, കോലാര്‍, മാണ്ഡ്യ, മൈസൂരു, രാമനഗരം, ശിവമോഗ, തുംകുരു, വിജയനഗരം, ബിദാര്‍, കലബുര്‍ഗി, റായ്ച്ചൂര്‍, വിജയപുര, യാദ്ഗിര്‍, ബല്ലാരി എന്നിവിടങ്ങളിലാണ് അടുത്ത രണ്ടു ദിവസം ഇടിയോടെ മഴ തുടരുക.
വടക്കന്‍ കേരളത്തിലും മഴ
കര്‍ണാടകയിലെ മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത. കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് മെ്റ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു.
നിഴലില്ലാ ദിനം കാണാനാകില്ല
ഇന്ന് കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയിലും വയനാട്ടിലും നാളെ കണ്ണൂര്‍ ജില്ലയുടെ ഭാഗങ്ങളിലുമാണ് നിഴലില്ലാ ദിനം. ഉച്ചയ്ക്ക് 12.20 മുതല്‍ 12.40 വരെയാണ് നിഴലില്ലായ്മ അനുഭവപ്പെടുക. ഏതെല്ലാം ജില്ലകളില്‍ എപ്പോള്‍ ഈ പ്രതിഭാസം എന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ആകാശം മേഘാവൃതമായതിനാല്‍ കോഴിക്കോട് വടക്കുള്ളവര്‍ക്കും വയനാട്ടുകാര്‍ക്കും ഇന്ന് നിഴലില്ലാ ദിനം കാണാനാകില്ല. സൂര്യന്‍ കേരളത്തിനു മുകളിലെത്തിയതോടെ കൂടുതല്‍ വേനല്‍ മഴക്ക് അനുകൂല അന്തരീക്ഷമൊരുങ്ങിയിട്ടുണ്ട്.
എറണാകുളം വരെ മേഘങ്ങള്‍
ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം കര്‍ണാടകയില്‍ നിന്നുള്ള മേഘങ്ങള്‍ എറണാകുളം അതിര്‍ത്തിവരെ എത്തിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും ഇന്നു വൈകിട്ടും രാത്രിയുമായി ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. പുതിയ ഉപഗ്രഹ ചിത്രം കാണാന്‍ താഴെ കൊടുത്ത വിഡിയോ പ്ലേ ചെയ്യുക.
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലെ മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കേണ്ടത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ ഇന്ന് രാത്രി ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. നാളെ രാത്രി വൈകി മുതല്‍ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ കൂടുതല്‍ മഴ സാധ്യതയുണ്ട്. ഈമാസം 21 നും 22 നും എറണാകുളം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ വേനല്‍ മഴ ലഭിക്കാനാണ് സാധ്യത. 22 ന് ശേഷം എല്ലാ ജില്ലകളിലും വേനല്‍ മഴ ലഭിക്കാവുന്ന അന്തരീക്ഷസ്ഥിതിയും ഒരുങ്ങും.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS