കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും; മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ മുന്നറിയിപ്പ്
വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘനയടി വെള്ളവും പാംമ്പ്ല ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളവുമാണ് ഒഴുക്കിവിടുക .
രാവിലെ ആറു മണിക്ക് ശേഷം ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിടാൻ ഇടുക്കി ജില്ല കലക്ടർ അനുമതി നൽകി. വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ വൈകിട്ടോടെ വീണ്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇരു ഡാമുകളും തുറക്കേണ്ട സാഹചര്യം ഉണ്ടായത് .
കല്ലാർകുട്ടി ഡാമിന്‍റെ പരമാവധി ജലനിരപ്പ് 456.59 മീറ്ററാണ്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 454 മീറ്ററായി . 455 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക . കല്ലാർകുട്ടി ഡാം ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറിൽ നിർമിച്ചതാണ് .പാംമ്പ്ല ഡാമിലെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ് . ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 247.70 മീറ്റർ ആണ് 252 മീറ്ററിൽ ജലനിരപ്പ് എത്തുമ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുക. ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലോവർ പെരിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാറിൽ നിർമിച്ചതാണ് പാംമ്പ്ല അണക്കെട്ട് (ലോവർ പെരിയാർ അണക്കെട്ട്).
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് . കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്കാലം സാധ്യത.
നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 27ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
മെയ് 30 വരെ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും സാധാരണയിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട് എന്ന് IMD.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (25-05-2024ന്) രാത്രി 11.30 വരെ 0.5 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 16 cm നും 68 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരെ വരെ) ഇന്ന് (25-05-2024ന്) രാത്രി 11.30 വരെ 0.5 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.