ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചക്കിടെ ഉണ്ടായത് 900 ഭൂചലനങ്ങള്‍
തെക്കന്‍ ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചക്കിടെ ഉണ്ടായത് 900 ഭൂചലനങ്ങള്‍. തൊകാര ദ്വീപിലാണ് കൂടുതല്‍ ഭൂചലനങ്ങളും ഉണ്ടാകുന്നത്. ബുധനാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
ജപ്പാനില്‍ ഒരു വര്‍ഷം 1500 ഭൂചലനങ്ങളാണ് സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച കൊണ്ട് 900 ഭൂചലനങ്ങള്‍ സംഭവിച്ചത് ആളുകളില്‍ ആശങ്കക്കിടയാക്കി. തത്സുകിയുടെ പ്രവചനത്തിന് രണ്ടു ദിവസം ശേഷിക്കെ ഇതും ജനങ്ങളെ ഭയചിതരാക്കുന്നുണ്ട്. ജൂലൈ 5 ന് പുലര്‍ച്ചെ നാലരയോടെ ഭയാനകമായ ദുരന്തം സംഭവിക്കുമെന്നാണ് ഇവരുടെ പ്രവചനം.
രാത്രി ഉറങ്ങിവരുമ്പോഴേക്കും ഭൂചലനത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കേണ്ടി വരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നതായി പ്രാദേശിക ടെലിവിഷന്‍ ചാനല്‍ എം.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
തൊകാര ദ്വീപില്‍ അസാധാരണമായ രീതിയിലാണ് ഭൂചലനം കൂടിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ നടക്കുന്ന പസഫിക് റിംഗ് ഓഫ് ഫയറില്‍ പെടുന്ന മേഖലയാണ് ജപ്പാന്‍. 12 തൊക്കാര ദ്വീപുകളില്‍ ഏഴിടത്താണ് ജനവാസമുള്ളത്. ഇവിടെ 700 പേരെ താമസിക്കുന്നുള്ളൂ.

ഭൂചലനത്തിനു മുന്‍പ് കടലില്‍ നിന്ന് പേടിപ്പെടുത്തുന്ന ശബ്ദം കേള്‍ക്കാമെന്ന് Akusekijima ദ്വീപില്‍ താമസിക്കുന്ന Chizuko Arikawa പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാത്രിയാണ് ഭൂചലനങ്ങള്‍ കൂടുതല്‍. സ്ഥിരമായി ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ഭൂചലനം ഇല്ലാത്തപ്പോഴും ഭൂമി വിറയ്ക്കുന്നതായി അനുഭവപ്പെടുന്നുവെന്ന് 54 കാരിയായ ഇവര്‍ പറയുന്നു.
1999 ലെ കോമിക് പുസ്തകത്തില്‍ ആര്‍ട്ടിസ്റ്റ് റയോ തത്സുകിയാണ് അടുത്ത ഏറ്റവും വലിയ ഭൂചലനം ജൂലൈ 5 ന് ആണെന്ന് പ്രവചിക്കുന്നത്. സുനാമിയും കൊവിഡും ഇവര്‍ പ്രവചിച്ചത് ശരിയായിരുന്നത്രെ. ഇതാണ് ജനങ്ങളില്‍ ആശങ്കക്ക് ഇടയാക്കുന്നത്.