ഐ.ഐ.എസ്.ആറിൽ സംരംഭക മേളക്ക് തുടക്കമായി
സുഗന്ധവ്യഞ്ജന സംരംഭകത്വത്തിന്റെ സാധ്യതകൾ തുറന്നും പുതു ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള സഹായങ്ങളൊരുക്കിയും ഐ.സി.എ.ആർ – ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന ത്രിദിന സംരംഭക മേളക്ക് തുടക്കമായി.
ചെലവൂർ ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഐ.സി.എ.ആർ – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൊസൈറ്റി ഫോർ സ്‌പൈസസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ഗവേഷണ സ്ഥാപനത്തിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ നേതൃത്വം നൽകുന്ന മേള വെള്ളിയാഴ്ച സമാപിക്കും.
വ്യാഴം വെള്ളി ദിവസങ്ങളിലായി നൂറോളം വരുന്ന ചെറുകിട സംരംഭകർ ഒരുക്കുന്ന പ്രദർശന വിപണന മേളയും വിത്തുകൾ, വളങ്ങൾ, ജൈവ ഉപാധികൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിപണനവും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സുഗന്ധവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ആർ. ദിനേശ് അധ്യക്ഷനായി. ഐ.ഐ.എസ്.ആർ സീനിയർ സയന്റിസ്റ് ഡോ. സജേഷ്. വി. കെ, സയന്റിസ്റ് ഡോ. മനീഷ. എസ്.ആർ എന്നിവർ സംസാരിച്ചു.
തുടർന്ന് പുതുസംരംഭങ്ങൾ തുടങ്ങാൻ താല്പര്യപെടുന്നവർക്കായി കേരള കാർഷിക സർവകലാശാലയിൽ നിന്നും കെ.പി.സുധീർ, എൻ.ഐ.ടിയിൽ നിന്നും ഡോ. എം. പ്രീതി, കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിന്നും റോണി. കെ. റോയ്, അശ്വതി വി. ഗിരിജ, സംരംഭകരായ സനു മുഹമ്മദ്, സെൽമ. എസ്. എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ എടുത്തു.