ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ സാധ്യമോ, ആരായിരുന്നു ശരി ഗാഡ്ഗിലോ വിവാദമുയർത്തിയവരോ?

ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കാൻ സാധ്യമോ, ആരായിരുന്നു ശരി ഗാഡ്ഗിലോ വിവാദമുയർത്തിയവരോ?

ഡോ. ഗോപകുമാർ ചോലയിൽ

എന്താണ് ഉരുൾ പൊട്ടൽ?

ഭൂ ഗുരുത്വാകർഷണത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിൽ ഒരു ചരിവിലൂടെ പാറ, ഭൂമി അല്ലെങ്കിൽ അവശിഷ്ടങ്ങൾ പോലുള്ള വസ്തുക്കളുടെ വൻതോതിലുള്ള താഴോട്ടുള്ള ചലനമാണ് മണ്ണിടിച്ചിൽ അഥവാ ഉരുൾപൊട്ടൽ.

അവ പെട്ടെന്നോ, സാവധാനത്തിൽ ദീർഘകാലം കൊണ്ടോ സംഭവിക്കാം. ഒരു ചരിവിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ശക്തി ഒരു ചരിവിന്റെ പ്രതിരോധ ശക്തിയെക്കാൾ കൂടുതലാകുമ്പോൾ, ചരിവ് പരാജയപ്പെടുകയും ഉരുൾപൊട്ടൽ സംഭവിക്കുകയും ചെയ്യുന്നു.
മണ്ണിടിച്ചിൽ സാധ്യതയുടെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്തെ മേഖലകളായി വിഭജിക്കുന്ന പ്രക്രിയയാണ് Landslide Hazard Zonation. ദുരന്തനിവാരണത്തിന്റെ നിർണായക ഘടകമാണിത്.

മണ്ണിടിച്ചിൽ അപകടങ്ങളുടെ സ്ഥലാത്മകവിതരണ ക്രമം മനസിലാക്കുന്നതിനും ജനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും മണ്ണിടിച്ചിലിന്റെ അപകടസാധ്യത, ആഘാതം എന്നിവ കുറയ്ക്കുന്നതിന് തീരുമാനങ്ങൾ എടുക്കുന്നതിനും നയരൂപകർത്താക്കൾ, ആസൂത്രകർ, അടിയന്തര മാനേജ്മെന്റ് ഏജൻസികൾ എന്നിവരെ ഇത്തരം മാപ്പിംഗ് പ്രവർത്തനങ്ങൾ വഴിതയ്യാറാക്കിയ ഭൂരേഖാചിതങ്ങൾ സഹായിക്കുന്നു.

ഉരുൾപൊട്ടലിന്റെ കൃത്യമായ സമയവും സ്ഥലവും സംബന്ധിച്ച കൃത്യമായ പ്രവചനം വെല്ലുവിളിയാണെങ്കിലും, സാങ്കേതികവിദ്യയിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ പ്രക്രിയകളെക്കുറിച്ചുള്ള ധാരണയും അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും സാധിക്കും.

വനമേഖലയുടെ വിസ്തൃതി, സാന്ദ്രത എന്നിവയിലുണ്ടായ കുറവ് മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ എന്നിവയുടെ ആവൃത്തിയും തീവ്രതയും വര്‍ധിപ്പിച്ചിട്ടുണ്ട്. സാന്ദ്രവനപ്രദേശങ്ങളില്‍ നിലത്ത് അടിഞ്ഞു കൂടുന്ന മരങ്ങളുടെ ഇലകളും മറ്റ് ജൈവവസ്തുക്കളും ഒരു സ്‌പോഞ്ച് പോലെ വര്‍ത്തിച്ചു വെള്ളത്തെ ഭൂമിയിലേക്ക് ആഗിരണം ചെയ്യാനിടയാക്കുന്നു. മാത്രമല്ല, ഇടതൂര്‍ന്ന വനങ്ങളിലെ വൃക്ഷങ്ങളില്‍ തടഞ്ഞ് താഴേക്ക് ഒഴുകുന്ന പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹ ശക്തിയും കുറയുന്നു. ഇതുവഴി മണ്ണിടിച്ചിലിനുള്ള സാധ്യത കുറയുന്നു.


19-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വനവിസ്തൃതി കേരളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ 70 ശതമാനത്തോളമായിരുന്നു. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലിത് 50ശതമാനമായി. നിലവില്‍ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 24 ശതമാനം മാത്രമായി വനമേഖല കുറഞ്ഞിരിക്കുന്നു. വനനശീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ നടക്കുന്ന ഇടങ്ങളില്‍ ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കൂടുതലാണെന്ന് കാണാവുന്നതാണ്.

കാലാവസ്ഥയിലെ വ്യതിയാനം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മാറിയ കാലാവസ്ഥ സാഹചര്യങ്ങളില്‍ കടുത്ത വരള്‍ച്ചാ വേളകള്‍, അതി തീവ്രമഴ ലഭിക്കുന്ന മഴദിവസങ്ങള്‍ എന്നിവ ഇനിയും ആവര്‍ത്തിച്ചുണ്ടാവും. ഇവയെ ഒഴിവാക്കുവാന്‍ നമുക്കാവില്ല, എന്നാല്‍, ഇവയുടെ ദുരന്ത പ്രത്യാഘാതങ്ങള്‍ നമുക്ക് ലഘൂകരിക്കാം. നമ്മുടെപ്രവര്‍ത്തന ശൈലികളില്‍, വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി. നഷ്ടപ്പെടുത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും പുനഃസൃഷ്ടിക്കുക പ്രായേണ അസാധ്യമാണ്.

എന്നാല്‍, ഉള്ളവയെ സംരക്ഷിക്കുവാന്‍ നിയമങ്ങള്‍ ഉണ്ടാക്കുകയും അവയില്‍ വെള്ളം ചേര്‍ക്കാതെ കൃത്യമായി നടപ്പാക്കുകയും ചെയ്താല്‍ മാത്രംമതി.
കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളുടെ ഭാഗമായി അതിതീവ്രമഴ വേളകൾ (Extremely heavy rainfall events) സാധാരണമാകുന്നുവെന്നത് യാഥാർഥ്യമാണ്.

എന്നാൽ, പ്രളയസാഹചര്യങ്ങൾ പൂർണ്ണമായും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൃഷ്ടിയെന്ന് പറയാനാകുമോ? തീർച്ചയായും ഇല്ല. ജലാധിക്യമുള്ള മഴവേളകൾ ഏറുമ്പോൾ അവ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുവാനും, ഒഴുകിപ്പോകുവാനുമുള്ള സാഹചര്യങ്ങളും അത്രകണ്ട് പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ട്.

എന്നാൽ, നിർഭാഗ്യവശാൽ വികലമായ വികസന-ആസൂത്രണപരിപാടികൾ അത്തരം സാഹചര്യങ്ങളെ പരിപോഷിപ്പിക്കുന്നവയോ ചുരുങ്ങിയപക്ഷം നിലനിർത്തുകയോ ചെയ്യുന്നവയല്ല എന്നത് പൊകട്ടെ, കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളെ തീർത്തും മുഖവിലക്കെടുക്കുകയോ ചെയ്യാത്തവിധത്തിൽ അന്ധവും, ബധിരവും അശാസ്ത്രീയവുമാണ്. കാലാവസ്ഥാപരവും പരിസ്ഥിതിപരവുമായ സാക്ഷരതയുടെ സമന്വയത്തിലൂടെ മാത്രമേ സുസ്ഥിരപരിഹാരപരിപാടികൾ പ്രാപ്യമാവുകയുള്ളു.

ഗാഡ്ഗിൽ ആയിരുന്നുവോ ശരി ?

മാധവ് ഗാഡ്ഗിൽ Photo Courtesy – Telegraph India

‘ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ‘ എന്ന് പൊതുവേ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതി പഠനറിപ്പോർട്ട് ആയിരിക്കാം ഒരുപക്ഷേ ഇന്നോളം കാണാത്തത്ര ചർച്ചകൾക്കും, വിവാദങ്ങൾക്കും, വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുള്ള ഒരു പരിസ്ഥിതിസംരക്ഷണ-വികസന റിപ്പോർട്ട്. വിമർശനങ്ങളിലേറെയും വസ്തുതകളെ മറച്ചു പിടിക്കുകയോ, വളച്ചൊടിക്കുകയോ മന:പൂർവ്വമോ അല്ലാതെയോ കാണാതെ പോവുകയോ ചെയ്തവയായിരുന്നു എന്നതാണ് ഏറ്റവും നിർഭാഗ്യകരം.

ഇക്കാരണങ്ങളാൽ പൊതുജനസമക്ഷം ഈ റിപ്പോർട്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയോ , ആശയക്കുഴപ്പത്തിന്നിടയാക്കുയോ ചെയ്തു. മാത്രമല്ല, റിപ്പോർട്ടിൽ പരാമർശിക്കപ്പെടുകപ്പോലും ചെയ്യാത്ത കാര്യങ്ങൾ തെറ്റിദ്ധാരണാജനകമാംവിധം ഉയർത്തിക്കാണിച്ച് ജനക്കൂട്ടങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുകയും ചെയ്തു. പരിസ്ഥിതിവിലോല മേഖലകൾക്ക് അതിരുകൾ തീരുമാനിക്കുന്ന കാര്യത്തിൽ മാത്രമല്ല, ഓരോ മേഖലകളിലെയും പ്രവർത്തനങ്ങൾ തീരുമാനിക്കുന്ന കാര്യത്തിൽ വരെ വ്യക്തവും ശക്തവുമായ ബഹുജനപങ്കാളിത്തം ഉണ്ടായിരിക്കേണ്ടതാണെന്ന് ഗാഡ്ഗിൽ കമ്മിറ്റിറിപ്പോർട്ട് ആവർത്തിച്ച് നിഷ്കർഷിക്കുന്നുണ്ട്.

എന്നാൽ ഇതിനു വിരുദ്ധമായി സമൂഹത്തിലെ ചില പ്രത്യേക തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു റിപ്പോർട്ട് സംബന്ധിച്ച ചർച്ചകൾ മുന്നേറിയത്. പ്രകൃതിയെ ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നിടത്തോളം പ്രകൃതിദുരന്തങ്ങളിൽ നിന്നും വിടുതൽ അസാധ്യമാണെന്ന് ഗാഡ്ഗിൽ കമ്മിറ്റിറിപ്പോർട്ട് അടിവരയിട്ടു പറയുന്നു.

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങൾ

ഇത്തരം സാധ്യതകളെ കൂടുതൽ കൂടുതൽ പ്രബലമാക്കുക മാത്രമാണ് ചെയ്യുന്നത്. ഇതേ രീതിയിൽത്തന്നെ മുന്നോട്ടു പോകുവാനാണ് ഭാവമെങ്കിൽ ഇന്നോളം നമുക്ക് അപരിചിതമായ പ്രകൃതിദുരന്തങ്ങൾ പോലും ഭാവിയിൽ സർവ്വസാധാരണമാകുന്ന അവസ്ഥയുണ്ടാകുമെന്നതിൽ സംശയമില്ല. കാരണം, മുൻപൊന്നും കേട്ടുകേൾവി പോലുമില്ലാതിരുന്നത്ര വ്യാപ്തിയും, ഊറ്റവുമാണ് പ്രകൃതിദുരന്തങ്ങൾക്കിപ്പോൾ. പ്രകൃതിയെ ഹനിക്കാത്ത വിധത്തിലുള്ള വികസനപരിപാടികൾ ഇപ്പോഴും നമുക്ക് അപരിചിതമാണ്. അതുകൊണ്ട് ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതകൾ തന്നെയാണ് മുന്നിട്ടു നിൽക്കുന്നതും.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തികച്ചും ഏകപക്ഷീയമായി നിർദ്ദാഷിണ്യം നിരാകരിച്ചവരാണ് നമ്മൾ. എന്നിട്ടും ഉരുൾപൊട്ടിയും, മലയിടിഞ്ഞും, മണ്ണൊലിച്ചും ആ റിപ്പോർട്ടിൻ്റെ ഓർമ്മപ്പെടുത്തലുകളും പുനർവായനകളുമാവുകയാണ് ഈയിടെയായി നമ്മുടെ മഴക്കാലങ്ങൾ.
എന്തുകൊണ്ടാണങ്ങനെയെന്നു ചോദിച്ചാൽ ഉരുൾപൊട്ടൽ സാധ്യതയേറ്റുന്ന പ്രവർത്തനങ്ങൾക്ക് മലനിരകളിൽ ഇന്നും എന്നും ഒരു ശമനവും ഉണ്ടായിട്ടില്ല എന്നതുമാത്രമാണ് അതിൻ്റെ ഉത്തരം. പാഠങ്ങളിൽ നിന്ന് ഒന്നും പഠിക്കാത്തവരാകുകയാണ് നമ്മൾ. മലതുരന്നും, മട തുറന്നും, മരങ്ങൾ വെട്ടിയുമാണ് നമ്മുടെ വികസന സങ്കൽപ്പങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

(മുതിർന്ന കാലാവസ്ഥ ശാസ്ത്രഞ്ജനും കോളമിസ്റ്റുമാണ് ലേഖകൻ)

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment