പകർച്ചപ്പനി പ്രതിരോധം; ആശാ പ്രവർത്തകരുമായി സംവദിച്ച് ആരോഗ്യമന്ത്രി

ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അസാധാരണമായ പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ ശ്രദ്ധിച്ച് അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീർക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കുകയാണ്.

അതിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്തെ പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ് ആശാ പ്രവർത്തകരുമായി ഫേസ്ബുക്ക് ലൈവ് വഴി സംവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ പകർച്ചപ്പനി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലും ഫീൽഡ്തല പ്രവർത്തനങ്ങളിലും ആശമാർ വഹിക്കുന്ന പങ്ക് വലുതാണ്.

എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്നതിനാണ് ആശമാരുമായി മന്ത്രി നേരിട്ട് സംസാരിച്ചത്.
പനി തടയുക, വരാതിരിക്കുക എന്നിവ വളരെ പ്രധാനമാണ്. ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. മണ്ണുമായും മലിനജലവുമായും സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.

കോവിഡ് തുടങ്ങി ആരോഗ്യ പ്രതിസന്ധികളിൽ ഒപ്പം നിന്നവരാണ് ആശമാർ. സ്തുത്യർഹമായ സേവനങ്ങളാണ് എല്ലാവരും നടത്തുന്നത്. സ്വയം പ്രതിരോധം ഉറപ്പ് വരുത്തി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രേയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

പകർച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment