ഇന്തോനേഷ്യയില്‍ 6.6 തീവ്രതയുള്ള ഭൂചലനം, സുനാമി മുന്നറിയിപ്പ് ഇല്ല
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഹല്‍മാഹെര ദ്വീപിലെ നോര്‍ത്ത് മലുകു പ്രവിശ്യയില്‍ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 നാണ് ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 35 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇന്തോനേഷ്യ ജിയോ ഫിസിക്‌സ് ഏജന്‍സി (ബി.എം.കെ.ജി) അറിയിച്ചു. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇന്തോനേഷ്യന്‍ സമയം രാവിലെ 07.02 ന് റാന്‍സികി ടൗണില്‍ 6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 11 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്.
പസഫിക് റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇതിനാല്‍ ഈ മേഖലയില്‍ ഭൂചലനങ്ങള്‍ പതിവാണ്. 2021 ജനുവരിയില്‍ 6.2 തീവ്രതയുള്ള ഭൂചലനത്തില്‍ 100 പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. സുലൈവസി ദ്വീപിലാണ് അന്ന് ഭൂചലനമുണ്ടായത്.
2018 ല്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,200 പേര്‍ സുനാമി മൂലം മരിച്ചിരുന്നു. സുലാവെസിയിലെ പാലുവിലാണ് അന്ന് ഭൂചലനമുണ്ടായത്.