India weather 5/12/23: മിഗ്ജോം കരതൊട്ടു: ആന്ധ്രയിൽ കനത്ത മഴ ; മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചു
മിഗ്ജോം ചുഴലിക്കാറ്റ് (cyclone michaung) ആന്ധ്രപ്രദേശിലെ ബാപ്ടയിൽ കരകയറി. ഇപ്പോൾ കനിഗിരിക്ക് സമീപമാണ് ചുഴലിക്കാറ്റുള്ളത്. കരകയറുമ്പോൾ ശക്തി കൂടിയ ചുഴലിക്കാറ്റ് (severe cyclonic storm) ആയാണ് കരകയറിയത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ കാറ്റിന് വേഗതയുണ്ടായിരുന്നു. ചുഴലിക്കാറ്റിന്റെ ഔട്ടർ ബാന്റുകൾ ഇപ്പോഴും കടലിനു മുകളിൽ ആണ്. അതിനാൽ ശക്തമായ മഴ ആന്ധ്രയുടെ തീരദേശത്ത് മഴ തുടരുകയാണ്.അതിനാൽ അതീവജാഗ്രതയില്‍ ആണ് ആന്ധ്രാപ്രദേശ്.
കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്.
ആന്ധ്രയിലെ വിശാഖപട്ടണം, തിരുപ്പതി, രാജമുണ്‍ട്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മിഗ്ജോം ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാനത്താവളങ്ങളിലെ 51 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നൂറോളം തീവണ്ടി സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. 211 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. ഈ ക്യാമ്പുകളില്‍ 9500 പേരാണുള്ളത്.