താപനില ഗണ്യമായി വർദ്ധിച്ചതിനാൽ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്നതിനാൽ കൊതുകുകളെ വന്ധ്യംകരിക്കാൻ ഒരുങ്ങി അർജന്റീന. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നു വിടാനാണ് തീരുമാനം. 2016 മുതൽ കൊതുകുകളെ തുരത്താനുള്ള വിദ്യകൾ പ്രയോഗിക്കുന്നുണ്ട് അർജന്റീന.
ഓരോ ആഴ്ചയും പതിനായിരം ആൺ കൊതുകുകളെ വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കാനാണ് പദ്ധതി. വന്ധ്യംകരിച്ച അഞ്ചുലക്ഷം കൊതുകുകളെ ആദ്യഘട്ടത്തിൽ തുറന്നു വിടും. ഇവ പെൺ കൊതുകകളുമായി ഇണ ചേരുമ്പോൾ പ്രജനനം നടക്കില്ല. അങ്ങനെ കൊതുകളുടെ എണ്ണം കുറയ്ക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടുന്നത് .
ഈ വർഷം അർജന്റീനയിൽ 41000 കൊതുക ജന്യ രോഗങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണിത്. കൂടാതെ അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് 40 പേരാണ് മരിച്ചത്. താപനില ഗണ്യമായി വർദ്ധിച്ചതാണ് കൊതുകുകൾ പെരുകാൻ കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ .