ജൂൺ ഒന്നുമുതൽ ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷയോടെ കാത്തിരുന്ന് ഒടുവിൽ കാലവർഷം എത്തി. എന്തേ കാലവർഷം വൈകിയത്? ഇനി വരില്ലേ? ജൂൺ ഒന്നിന് തന്നെ വരേണ്ടതാണല്ലോ? എന്നൊക്കെ ചോദിക്കുന്ന ആളുകൾ നമുക്ക് ചുറ്റിനും ഉണ്ട്. എല്ലാവർഷവും ജൂൺ ഒന്നിന് തന്നെ അല്ലേ കൃത്യമായി കാലവർഷം എത്താറ് ? അല്ല. ജൂൺ പകുതിയോടുകൂടെ കാലവർഷം എത്തിയ വർഷത്തിലൂടെയും നാം കടന്നു പോയിട്ടുണ്ട്. ഒന്നല്ല ഒരുപാട് വർഷങ്ങളിൽ ഇങ്ങനെ കാലവർഷം വൈകിയിട്ടുണ്ട്.
ജൂൺ 8നു ശേഷം കാലവർഷം എത്തിയ 10 വർഷങ്ങൾ നമുക്ക് മുന്നിലുണ്ട്. അവ ഏതെല്ലാം എന്ന് നോക്കാം
2019 ജൂൺ എട്ടിനാണ് കേരളത്തിൽ മൺസൂൺ എത്തിയത്. 1996 ലും 2022ലും ജൂൺ ഒൻപതിനായിരുന്നു കാലവർഷം എത്തിയത്. 1995ൽ ജൂൺ പത്തിന്,1979, 1983, 1986, 1997 എന്നീ വർഷങ്ങളിൽ ജൂൺ 12 ന്, 2003 ൽ ജൂൺ 13ന്, 1972ൽ ജൂൺ 19 നാണ് കേരളത്തിൽ കാലവർഷം എത്തിയത്.
ഇന്ത്യയിൽ ആകെ മഴയുടെ 75 ശതമനവും ലഭിക്കുന്നത് ഈ തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്താണ് (South west monsoon) . കേരളത്തിൽ ജൂണിൽ തുടങ്ങി സെപ്‌തംബർ വരെയുള്ള മഴക്കാലമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ ( കാലവർഷം). ഇന്ത്യയിൽ ശരാശരി 88 സെന്റീമീറ്റർ മഴയും കേരളത്തിൽ ജൂൺ, ജൂലൈ, ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിൽ യഥാക്രമം 56, 66, 43, 25 സെന്റീമീറ്റർ മഴയും ഇക്കാലത്ത് ലഭ്യമാകുന്നു.
മൂന്നു നാലു ദിവസം മഴ തുടര്‍ന്നാലും ഒരു ഇടവേളയായി വെയില്‍ കടന്നു വരും. ഇങ്ങനെ വെയില്‍ ദിനങ്ങളും തണുപ്പ് അരിച്ചു കയറുന്ന മഴ ദിനങ്ങളും ചേര്‍ന്നതാണ് കേരളത്തില്‍ കാലവര്‍ഷം. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലവർഷം ഇത്തവണ കൂടുതൽ ചർച്ചയാവാൻ കാരണം സമീപവർഷങ്ങളെ അപേക്ഷിച്ച് മാർച്ച് മാസം മുതൽ തന്നെ ഉഷ്ണ തരംഗമോ സമാനമായ സാഹചര്യമോ അനുഭവിച്ചതുകൊണ്ടാണ്.
ഈ കടുത്ത ചൂട് രാജ്യത്തിന്റെ പകുതിയിലധികം സംസ്ഥാനങ്ങളെയും ബാധിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. വരൾച്ചയും കൃഷി നാശവും അനുഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കാലവർഷത്തിന്റെ വൈകൽ കൂടുതൽ ചർച്ചയായത്.